പൂനെ: സൈനിക പ്രവര്‍ത്തനങ്ങളും രഹസ്യാന്വേഷണവും പരസ്പരം കൈകോര്‍ത്താണ് പ്രവര്‍ത്തിക്കുന്നതെന്ന് നിയുക്ത കരസേന മേധാവി ജന. മനോജ് നാരവനേ. സൈനിക പദ്ധതികളുടെ വിജയങ്ങള്‍ക്ക് പിന്നിലെ സൂത്രധാരന്മാര്‍ രഹസ്യാന്വേഷണവിഭാഗമാണ്. അവരുടെ പിന്തുണകൊണ്ടാണ് സൈനിക പദ്ധതികള്‍ പൂര്‍ണ വിജയത്തിലെത്തുന്നതെന്നും മനോജ് നാരവനേ പറഞ്ഞു.

ഏതെങ്കിലും തരത്തിലുള്ള മിലിട്ടറി ഓപ്പറേഷന്‍ നടത്താന്‍ സൈന്യത്തിന് പദ്ധതിയുണ്ടെങ്കില്‍ അത് ആദ്യം തുടങ്ങുന്നത് ശത്രുക്കളെ കുറിച്ചുള്ള വിവരങ്ങളില്‍ നിന്നാണ്. രഹസ്യാന്വേഷണ വിഭാഗമാണ് ഈ വിവരങ്ങള്‍ തരുന്നത്. വിവിധ റിസേര്‍ച്ച്‌ ആന്റ് അലയന്‍സ് ഉള്‍പ്പെടെയുള്ള രഹസ്യാന്വേഷണ വിഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന പിന്തുണയില്ലാതെ മിലിട്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ സാധിക്കില്ല. അത് എനിക്ക് ധൈര്യപൂര്‍വം പറയാന്‍ സാധിക്കും. രാജ്യസുരക്ഷ നിലനിര്‍ത്തുന്നതിനായി ഇത്തരം രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നല്‍കുന്ന സംഭാവനകള്‍ക്ക് ഞങ്ങള്‍ എന്നും കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ മാധ്യമപ്രവര്‍ത്തകനായ നിതിന്‍ ഗൊഖലേയുടെ പുസ്തകം ‘ആര്‍.എന്‍ കാവോ, ജെന്റില്‍മാന്‍ സ്പൈ മാസ്റ്റര്‍’ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയില്‍ കാണുന്നത് പോലെയോ നോവലുകളില്‍ വായിക്കുന്നതു പോലെയോ ‘ഗ്ലാമറസ്’ അല്ല രഹസ്യാന്വേഷണ വിഭാഗങ്ങള്‍. കാണാത്ത, കേള്‍ക്കാത്ത, അറിയാത്ത നിരവധി കാര്യങ്ങള്‍ അവിടെ നടക്കുന്നുണ്ട്. വലിയ തോതിലുള്ള വിവരങ്ങളാണ് അവിടെ വിശകലനം ചെയ്യപ്പെടുന്നത്. ഇത്രയും അധികം വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് രൂപപ്പെടുത്തുന്നത് തന്നെ വലിയ വെല്ലുവിളിയാണ്. നിതിന്‍ ഗൊഖലേയുടെ പുസ്തകം ഇന്റലിജന്‍സ് വിഭാഗത്തിന്റേയും ആര്‍.എന്‍ കാവോയുടേയും അമൂല്യമായ പ്രവര്‍ത്തനങ്ങളെ രേഖപ്പെടുത്തുന്നതാണെന്നും ജന. മനോജ് നാരവനേ പറഞ്ഞു.