ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണത്തെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. മോദി പറയുന്നത് പച്ചക്കള്ളമാണെന്നും തെറ്റ് തിരുത്താന്‍ തയ്യാറാകണമെന്നും ആന്റണി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തെയല്ല, രാജ്യത്തെ ജനങ്ങളെയാണ് വെല്ലുവിളിക്കുന്നത്. പച്ചക്കള്ളങ്ങള്‍ പറയാതെ തെറ്റു തിരുത്താന്‍ മോദി തയ്യാറാവണമെന്നും എ.കെ ആന്റണി പറഞ്ഞു. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച്‌ മോദി ഇന്ന് ഡല്‍ഹിയില്‍ നടത്തിയ പ്രസ്താവനയുടെപശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു എ.കെ. ആന്റണി.

പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചും പൗരത്വ രജിസ്റ്ററിനെക്കുറിച്ചും പ്രതിപക്ഷം കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതി ഇന്ത്യയിലെ പൗരന്‍മാര്‍ക്കു വേണ്ടിയുള്ളതല്ല. പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് ഒരു പ്രയാസവും ഉണ്ടാക്കില്ല. രാജ്യത്ത് എവിടെയും മുസ്ലിങ്ങള്‍ക്കായി അഭയകേന്ദ്രങ്ങളില്ലെന്നും പ്രധാനമന്ത്രി ഡല്‍ഹിയില്‍ നടന്ന ബിജെപി റാലിയില്‍ പ്രസംഗിച്ചിരുന്നു.