ഇന്ത്യന്‍ സിനിമയിലെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവിയുടെ ജീവിതം പറയുന്ന പുസ്തകം ഇന്ന് പുറത്തിറക്കും. അഞ്ച് ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിലാണ് ശ്രീദേവി അഭിനയിച്ചിട്ടുള്ളത്. എഴുത്തുകാരനും തിരക്കഥാകൃത്തുമായ സത്യാര്‍ഥ് നായക്ക് രചിച്ച പുസ്തകം പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ആണ് പ്രസിദ്ധീകരിക്കുന്നത്. ഇന്ന് മുംബൈയില്‍ വെച്ച്‌ നടക്കുന്ന ചടങ്ങില്‍ സംവിധായകന്‍ കരണ്‍ ജോഹറാണ് പുസ്തകം പുറത്തിറക്കുന്നത്.

‘എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടി. അവരുടെ സ്ഥാനത്ത് മറ്റാരേയും പ്രതിഷ്ഠിക്കാനാകില്ല. അതിശയകരമായ അവരുടെ സിനിമാ ജീവിതത്തെക്കുറിച്ചും, അഭിനയിച്ച സിനിമകളെക്കുറിച്ചും, വ്യക്തി ജീവിതത്തെക്കുറിച്ചും പ്രതിപാദിക്കുന്നതാണ് ഈ പുസ്തകം’ എന്നാണ് ട്വിറ്ററില്‍ കരണ്‍ ജോഹര്‍ കുറിച്ചത്.

നേരത്തേ ഡല്‍ഹിയില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ നടി ദീപികാ പദുക്കോണ്‍ പുസ്തകം പ്രകാശനം ചെയ്തിരുന്നു. ശ്രീദേവിയുടെ വലിയ ആരാധകനായ തനിക്ക് അവരുടെ ജീവിതയാത്ര ആഘോഷിക്കാനുള്ള ഒരു അവസരമായാണ് ഈ പുസ്തകത്തെ കാണുന്നത് എന്നാണ് പുസ്തകം രചിച്ച സത്യാര്‍ഥ് നായക്ക് പ്രതികരിച്ചത്. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ സമ്മതത്തോട് കൂടിയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.