കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരക്കാരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവന മുസ്ലിം വിരോധം കൊണ്ടാണെന്ന് ശശി തരൂര്‍ എംപി. പ്രധാനമന്ത്രി പദവിയിലിരിക്കെ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ലെന്നും ശശി തരൂര്‍ വിമര്‍ശിച്ചു.

അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധം ഇനിയും വ്യാപകമാവുമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. ജനകീയ പ്രതിഷേധം കനത്തതോടെ എന്‍ആര്‍സി നടപ്പാക്കാന്‍ അമിത് ഷായ്ക്ക് ഭയം തോന്നിത്തുടങ്ങിയിട്ടുണ്ട്.

എന്നാല്‍ രാഹുല്‍ ഗാന്ധി ഇപ്പോള്‍ പ്രതിഷേധത്തില്‍ ഇല്ലാത്തത് സമരത്തെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഇല്ലെങ്കിലും പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കള്‍ സമരരംഗത്ത് സജ്ജീവമാണ്.

ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിവാദ പ്രസ്താവന നടത്തിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം വ്യാപിപ്പിക്കുന്നവരെ വസ്ത്രം നോക്കി തിരിച്ചറിയാന്‍കഴിയുമെന്നാണ് മോഡി പറഞ്ഞത്. എന്നാല്‍ മോഡിയുടെ ഈ പ്രസ്താവനയ്‌ക്കെതിരെ രാജ്യവ്യാപകമായി വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.