തിരുവനന്തപുരം: കേരളാ പോലീസിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇത്തവണ കുറ്റം ചെയ്യുന്നവര്‍ക്കായുള്ള ഹോളീഡേ പാക്കേജുമായാണ് പോലീസ് എത്തിയിരിക്കുന്നത്. പ്രധാന ഡെസ്റ്റിനേഷനായി കൊടുത്തിരിക്കുന്നത് കണ്ണൂര്‍, വീയ്യൂര്‍, പൂജപ്പുര ജയിലുകളാണ്.

‘ഒരു കുറ്റകൃത്യം ചെയ്യുന്നതിനു മുമ്ബായി ചിന്തിക്കൂ, അവസാനത്തെ സ്ഥലം നിങ്ങള്‍ക്കായി കാത്തിരിപ്പുണ്ട്’ എന്ന പേരിലാണ് കേരളാ പോലീസ് ഈ ഹോളീഡേ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. കുറ്റം ചെയ്തവരെ പിടിച്ച്‌ ജയിലില്‍ ഇടുമെന്നാണ് പുതിയ ട്രോളിലൂടെ പോലീസ് ഉദ്ദേശിച്ചത്. എന്നാല്‍ കേരളത്തിലെ തടവുശിക്ഷ സത്യത്തില്‍ ടൂര്‍ പാക്കേജ് തന്നെയാണെന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

‘സത്യത്തില്‍, ടൂര്‍ പാക്കേജ് തന്നെയാണ്.ഗോവിന്ദച്ചാമിയൊക്കെ ഇപ്പോ എന്നാ ഗ്ലാമര്‍ ആണ്. സര്‍ക്കാര്‍ ചിലവിലൊരു അടിപൊളി ടൂര്‍ പ്രോഗ്രാം’ എന്നാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്ന കമന്റ്. അതേസമരം ‘വിയ്യൂര്‍,കൊളളാം,കണ്ണൂര്‍ കണ്ടമ്ബ്രറി മോഡലാണ്, മഴ പെയ്താല്‍ ചോരും’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ഇതിന് പോലീസ് നല്‍കിയ മറുപടി ‘സ്ഥിരം സഞ്ചാരിയാണെന്നു തോന്നുന്നു’ എന്നാണ്. എന്തായാലും കേരളാ പോലീസിന്റെ ഈ പോസ്റ്റിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്.