തിരുവനന്തപുരം: പൗരത്യ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ക്കിടയില്‍ മംഗളൂരുവില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ അഞ്ച് കെ.എസ്.ആര്‍.ടി.സി ബസുകളാണ് കാസര്‍കോഡ് ഡിപ്പോയില്‍ നിന്ന് മംഗലാപുരത്തേക്ക് അയച്ചത്.

കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ അവിടെ കുടുങ്ങിപ്പോവുകയായിരുന്നു. പൊലീസ് സംരക്ഷണയില്‍ കോണ്‍വോയ് അടിസ്ഥാനത്തിലാണ് ബസുകള്‍ അയക്കുന്നത്. കാസര്‍കോഡ് ജില്ലാകളക്ടറുടെ നേതൃത്വത്തിലാണ് നടപടി. കൂടാതെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഉന്നത ഉദ്യോഗസ്ഥര്‍ കര്‍ണാടകയിലെ പൊലീസ് മേധാവി ഉള്‍പ്പെടെയുള്ളവരുമായി ബന്ധപ്പെടുന്നുണ്ട്.