ഹൂസ്റ്റൺ:  ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഇന്ന് വിവാദമായി മാറിക്കഴിഞ്ഞ ഇന്ത്യൻ പൗരത്വ ഭേദഗതി ബില്ലിനെ പറ്റി ചർച്ച ചെയ്യുന്നതിനും ആശങ്കകൾ പങ്കിടുന്നതിനും ഇന്ത്യൻ ഭരണാധികാരികളുടെ ഏകാധിപത്യ ദേശദ്രോഹ നടപടികളെ അപലപിക്കുന്നതിനും ഹൂസ്റ്റണിൽ നടന്ന സമ്മേളനം ആവേശകരമായ ചർച്ചകൾക്ക് വേദിയായി.    .

ഹൂസ്റ്റണിലെ യു.ഡി.എഫ് നേതൃത്വത്തിന്റെ ആഭിമുഖ്യത്തിൽ  ഡിസംബർ 19നു വ്യാഴാഴ്ച വൈകിട്ട്  ആറരക്ക് സ്റ്റാഫോർഡിലുള്ള സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് ഹാളിൽ വച്ചാണ് സമ്മേളനം നടന്നത്.

ഇന്ത്യയുടെ സുശക്തമായ ഭരണഘടനയിൽ ഏറ്റവും പ്രാധാന്യമുള്ളതാണ് ഇന്ത്യ ഒരു മതേരരാജ്യമാണെന്നുള്ളത്. മതവും ജാതിയും വർണവും വർഗ്ഗവും നോക്കാതെ ഏകോദര സഹോദരങ്ങളെപ്പോലെ കഴിഞ്ഞു പോകുന്ന നമ്മുടെ രാജ്യത്തെ 130 കോടി ജനങ്ങളുടെ മേൽ, തീവ്ര വർഗീയതയുടെ വിത്ത് പാകി രാജ്യത്തിൻറെ അഖണ്ഡതയും ഐക്യതയും ഇല്ലാതാക്കാൻ നോക്കുന്ന ബിജെപി ഭരണകൂടത്തിന്റെ ഗൂഢ നീക്കങ്ങൾ അപലനീയമാണ്. അടുത്തയിടെ പാർലമെൻറിൽ പാസാക്കിയ പൗരത്വ ഭേദഗതി ബിൽ, ഭരണഘടനയുടെ ആർട്ടിക്കിൾ 14 ന്റെ നഗ്നമായ ലംഘനമാണ്. തെഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചു എന്നതിന്റെ പേരിൽ എന്തും കാട്ടികൂടാമെന്നുള്ള ഭരണകൂടത്തിന്റെ ധാർഷ്ട്യത്തെ സമ്മേളനം നിശിതമായി വിമർശിച്ചു. ഇന്ത്യയിൽ നല്ലൊരു ശതമാനം വരുന്ന മുസ്ലിം മത വിശാസികളെയും, ഈശ്വര വിശ്വാസികളല്ലാത്തവരെയും ബില്ലിന്റെ പരിധിയിൽ ഉൾപ്പെടുത്താത്  കടുത്ത ഭരണഘടനാ ലംഘനവും, മതേത്വരത്വ ഇന്ത്യയിലെ ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയുമാണ്. മതനിരപേക്ഷയാണ് നമ്മുടെ മുഖമുദ്ര.

2024 ൽ പൂർത്തിയാക്കാനുദ്ദേശിക്കുന്ന ദേശീയ പൗരത്വ രജിസ്റ്ററിന്റെ കാര്യത്തിലും കടുത്ത ആശങ്കയിലാണ് ജനങ്ങൾ. അവിടെയും മതത്തിന്റെ പേരിൽ വിവേചനം കാണിക്കുന്നുവെങ്കിൽ എന്താണ് ഇന്ത്യൻ ഭരണഘടനയുടെ പ്രസക്തി.

45  വര്ഷത്തിനടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ ഇന്ത്യ നേരിടുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലയ്ക്കുന്നു. റിസേർവ് ബാങ്കിലെ കരുതൽ ശേഖരവും എടുത്തു ചെലവാക്കുന്നു.നൂറു കണക്കിന് കർഷകർ ആത്മഹത്യ ചെയ്യുന്നു. ഈ വിഷയങ്ങൾ ജനങ്ങൾ ചർച്ച ചെയ്യാതിരിക്കുവാൻ വർഗീയതയെ   കൂട്ടുപിടിക്കുന്ന സർക്കാർ അമ്പേ പരാജയമെന്നു യോഗം വിലയിരുത്തി.

പൗരത്വ ഭേദഗതി നിയമം നടപ്പാകുന്നതോടെ  മലയാളികളടക്കം വിദേശത്തു കുടിയേറിയ ഇന്ത്യക്കാരുടെ ഭാവിയും ഭീഷണിയിലായി. യൂറോപ്യൻ രാജ്യങ്ങൾ, അമേരിക്ക,ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളിൽ കുടിയേറിയവരുടെ വിദേശ ഇന്ത്യകാർഡ് (ഒസിഐ) റദ്ദാക്കാൻ പരിധിയില്ലാത്ത അധികാരം ഭേദഗതിയിലൂടെ കേന്ദ്ര സർക്കാരിന് ലഭിച്ചു. വിദേശ മലയാളികൾ കടുത്ത ആശങ്കയിലും നിരാശയിലുമാണ്‌.

ഓരോ ദിവസവും നമ്മുടെ രാജ്യം സംഘർഷഭരിതമായി മാറിക്കൊണ്ടിരിക്കുന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളും തെരുവിലിറങ്ങി കഴിഞ്ഞു. നിരവധി സംസ്ഥാന ങ്ങളിൽ സംഘര്ഷങ്ങൾ പൊട്ടിപുറപ്പെട്ടു കഴിഞ്ഞു. വെടിവയ്പ്പും മരണവും ഉണ്ടായി. നാട്ടിൽ നടക്കുന്ന സംഭവങ്ങളിൽ യോഗം ഉത്ക്കണ്ഠ രേഖപ്പെടുത്തി. അപകടകരമായ സ്ഥിതികളിലേക്കു പോകുന്ന രാജ്യത്തെ സമാധാനത്തിലേക്ക് കൊണ്ടുവരുവാൻ കേന്ദ്ര ഭരണകൂടം നടപടിളെടുക്കണം.

അധികാരികളുടെ ശ്രദ്ധയിൽ ഈ വിഷയങ്ങളെ കൊണ്ട് വരുന്നത്തിനും ഭാവി പരി പടികൾ ആലോചിക്കുന്നതിനുമായി പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തി.

ബേബി മണക്കുന്നേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ സംഘടനകളെ പ്രധിനിധീകരിച്ചു ജോസഫ് എബ്രഹാം, റവ. ഫാ. എ.വി.തോമസ്, സാം ജോസഫ്,   ജോർജ്‌ കാക്കനാട്ട്,  പൊന്നു പിള്ള, ജീമോൻ റാന്നി, വാവച്ചൻ മത്തായി, തോമസ് ഒലിയാംകുന്നേൽ,  വൽസൻ മടത്തിപറമ്പിൽ,  ബ്ലെസ്സൺ ഹൂസ്റ്റൺ, ജോയ്.എൻ. ശാമുവൽ,  ഏബ്രഹാം തോമസ്,തോമസ് ചെറുകര, റോയ് അത്തിമൂടൻ, ജോസഫ് വെട്ടിക്കനാലിൽ, സൈമൺ ചക്കുങ്കൽ എന്നിവർ ചർച്ചകളിൽ സജീവമായി പങ്കെടുത്തു സംസാരിച്ചു. സമ്മേളനത്തിന്റെ ഒടുവിൽ, ഇന്ത്യൻ പതാക കൈയിലേന്തി  ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും മതേതരത്വത്തിനും വേണ്ടി എന്നും നിലകൊള്ളുമെന്നു പങ്കെടുത്തവർ പ്രതിജ്ഞയും ചൊല്ലി.

ജോർജ് കോളാച്ചേരിൽ സ്വാഗതവും സണ്ണി കാരിക്കൽ നന്ദിയും പറഞ്ഞു.

റിപ്പോർട്ട് : ജീമോൻ റാന്നി.