ദില്ലി: യുഎസ് നിയമാംഗങ്ങളുമായുള്ള കൂടിക്കാഴ്ച കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ റദ്ദാക്കി. ആര്‍ട്ടിക്കിള്‍ 360 റദ്ദാക്കിയതിന് ശേഷം കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ച കോണ്‍ഗ്രസ് വനിത പ്രമീല ജയപാലിനെ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യം പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനം. വിദേശകാര്യ കമ്മറ്റി ചെയര്‍മാന്‍ എലിയറ്റ് എല്‍ ഏംഗല്‍, മൈക്കല്‍ മെക്ക്കാള്‍ അടക്കമുള്ള അംഗങ്ങളുമായി ഈ ആഴ്ച വാഷിംഗ്ടണ്ണില്‍ വെച്ച്‌ കൂടിക്കാഴ്ച നടത്താന്‍ ആയിരുന്നു നേരത്തെയുള്ള പദ്ധതി.

യുഎന്‍ സാന്നിധ്യത്തില്‍ അഭിപ്രായ സര്‍വേ നടത്തണം, പൗരത്വ നിയമത്തില്‍ മമത പറയുന്നത് ഇങ്ങനെ

എന്നാല്‍ ഈ സംഘത്തില്‍ പ്രമീല ജയപാലനും ഉള്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കൂടിക്കാഴ്ച റദ്ദാക്കിയ കാര്യം ജയശങ്കര്‍ അറിയിച്ചത്. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ജയശങ്കര്‍ ഇപ്പോള്‍ യുഎസിലാണ് ഉള്ളത്. കമ്മിറ്റിയില്‍ ജയപാലിനെ ഉള്‍പ്പെടുത്തിയാല്‍ യോഗം റദ്ദാക്കുമെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നു. കരട് പ്രമേയത്തെക്കുറിച്ച്‌ തനിക്കറിയാമെന്നും അത് ജമ്മു കശ്മീരിലെ സ്ഥിതിഗതികളെക്കുറിച്ചോ ഇന്ത്യന്‍ സര്‍ക്കാര്‍ ന്യായമായി ചെയ്യുന്ന കാര്യങ്ങളെ കുറിച്ചാേ അല്ലെന്നും ജയശങ്കര്‍ പറഞ്ഞു. അതിനാല്‍ അവരെ കാണാന്‍ താല്‍പ്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കൂടിക്കാഴ്ച റദ്ദാക്കിയത് ദൗര്‍ഭാഗ്യകരമാണെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു വിയോജിപ്പും കേള്‍ക്കാന്‍ തയ്യാറല്ലെന്ന കാര്യമാണ് ഇത് വ്യക്തമാക്കുന്നതെന്നും പ്രമീല പ്രതികരിച്ചു. യുഎസ് കോണ്‍ഗ്രസിലെ വാഷിംഗ്ടണില്‍ നിന്നുള്ള ആദ്യത്തെ ഇന്തോ-അമേരിക്കന്‍ പ്രതിനിധിയാണ് ജയപാല്‍. ആഗസ്റ്റ് 5 ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമുതല്‍ നിലവിലുണ്ടായിരുന്ന ജമ്മു കശ്മീരിലെ എല്ലാ നിയന്ത്രണങ്ങളും പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് അവര്‍ അടുത്തിടെ ഒരു പ്രമേയം അവതരിപ്പിച്ചിരുന്നു. കശ്മീരിലെ ആശയവിനിമയ തടസ്സം നീക്കാനും രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനും അവിടെയുള്ളവരുടെ മതസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കശ്മീരിലെ എല്ലാ നിയന്ത്രണങ്ങളും അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബറില്‍ ജയപാല്‍ സെനറ്റര്‍ ജെയിംസ് മക്‌ഗൊവറിനൊപ്പം അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയ്ക്ക് കത്തെഴുതുകയും ചെയ്തു. ദേശീയ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചും രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയെക്കുറിച്ചും അവര്‍ സംസാരിച്ചു. ഒക്ടോബറില്‍ ദക്ഷിണേഷ്യയില്‍ നടന്ന ഹൗസ് ഫോറിന്‍ അഫയേഴ്സ് കമ്മിറ്റി ഹിയറിംഗിനിടെ ജമ്മു കശ്മീരിലെ മനുഷ്യാവകാശ സാഹചര്യങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച യുഎസ് കോണ്‍ഗ്രസ് അംഗങ്ങളില്‍ ഒരാള്‍ കൂടിയാണ് പ്രമീല.