ന്യൂയോര്‍ക്ക്: നിരപരാധികളായ യാത്രക്കാരെ തടഞ്ഞുവയ്ക്കാനും ചോദ്യം ചെയ്യാനും രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളില്‍ ‘സീക്രട്ട് ടീമുകളെ’ വിന്യസിച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ (എസിഎല്‍യു) ആരോപിച്ചു. ഈ ‘രഹസ്യ സംഘങ്ങളെ’ വിമാനത്താവളങ്ങളില്‍ വിന്യസിച്ച യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി (സിബിപി)ക്കെതിരെ എസിഎല്‍യു കേസ് കൊടുത്തു.

എസിഎല്‍യുവിന്റെ കണക്കനുസരിച്ച് ‘തന്ത്രപരമായ തീവ്രവാദ പ്രതികരണ ടീമുകള്‍’ എന്ന് വിളിക്കപ്പെടുന്ന സിബിപി യൂണിറ്റുകളെ കുറഞ്ഞത് 46 വിമാനത്താവളങ്ങളിലേക്കും മറ്റ് യുഎസ് തുറമുഖങ്ങളിലേക്കും വിന്യസിച്ചിട്ടുണ്ട്.

2018 നവംബറില്‍ മൊസില്ല കോര്‍പ്പറേഷന്റെ മുന്‍ ചീഫ് ടെക്‌നോളജി ഓഫീസറും നിലവിലെ ആപ്പിള്‍ ജോലിക്കാരനുമായ ആന്‍ഡ്രിയാസ് ഗാലിനെ മൂന്ന് സിബിപി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് തടങ്കലില്‍ വെച്ചതായി സംഘടന ആരോപിച്ചു.

അമേരിക്കന്‍ പൗരനായ ഗാല്‍ സ്വീഡനില്‍ നിന്ന് ബിസിനസ്സ് യാത്ര കഴിഞ്ഞ് സാന്‍ഫ്രാന്‍സിസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ‘ടിടിആര്‍ടി’ എന്ന് അടയാളപ്പെടുത്തിയ ഗ്ലോബല്‍ എന്‍ട്രി കിയോസ്‌കില്‍ നിന്ന് രസീത് നല്‍കിയതല്ലാതെ തടങ്കലില്‍ വയ്ക്കാന്‍ തനിക്ക് ഒരു കാരണവും നല്‍കിയിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ഓണ്‍ലൈന്‍ സ്വകാര്യതയ്ക്കായി പരസ്യമായി വാദിക്കുകയും ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളെ ശക്തമായി വിമര്‍ശിക്കുകയും ചെയ്യുന്ന ഗാലിനെ അദ്ദേഹത്തിന്റെ ആക്ടിവിസത്തെക്കുറിച്ച് ചോദ്യം ചെയ്തതായി എസിഎല്‍യു പറയുന്നു. ഗാലിന്റെ ഇലക്ട്രോണിക് ഉപകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സിബിപി ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ അവര്‍ നിര്‍ബ്ബന്ധിച്ചതായി ഗാല്‍ വെളിപ്പെടുത്തി.

ചോദ്യം ചെയ്യലിനെത്തുടര്‍ന്ന് ഗാലിനെ വിടാന്‍ അനുവദിച്ചെങ്കിലും മറ്റുള്ളവരുടെ കാര്യത്തില്‍ അതത്ര എളുപ്പമല്ലായിരുന്നു എന്ന് എസിഎല്‍യു പറഞ്ഞു.

ഉദാഹരണത്തിന്, അബ്ദികാദിര്‍ മുഹമ്മദ് 2017 ഡിസംബറില്‍ ജെഎഫ്‌കെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങി കണക്റ്റിംഗ് വിമാനത്തില്‍ കയറാനുള്ള യാത്രയിലായിരുന്നപ്പോഴാണ് സിബിപി ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചത്. ഒഹായോയിലെ കൊളംബസില്‍ തന്റെ ഗര്‍ഭിണിയായ ഭാര്യയെയും മകളെയും കാണാനുള്ള യാത്രയിലായിരുന്നു അദ്ദേഹം.

‘അബ്ദിയുടെ സ്റ്റാമ്പ് ചെയ്ത രേഖകളും അദ്ദേഹം നല്‍കിയ ബോര്‍ഡിംഗ് പാസും പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു, ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ഒരു ബ്ലോഗ് പോസ്റ്റില്‍ എസിഎല്‍യു പറഞ്ഞു. ‘തൃപ്തികരമല്ലാത്തതിനാല്‍, കൂടുതല്‍ ചോദ്യം ചെയ്യലിനായി ഒരു പ്രത്യേക മുറിയില്‍ വരാന്‍ സിബിപി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയും അദ്ദേഹത്തിന്റെ സെല്‍ ഫോണ്‍ അണ്‍ലോക്കു ചെയ്യാനും ആവശ്യപ്പെട്ടു.’

15 മണിക്കൂറോളം ചോദ്യം ചെയ്യല്‍ തുടര്‍ന്നു. കുടിയേറ്റക്കാരനായ മുഹമ്മദിനെ ‘അനുവദനീയമല്ല’ എന്ന് ഉദ്യോഗസ്ഥര്‍ തീരുമാനിക്കുന്നതിനുമുമ്പ് അദ്ദേഹത്തെ നാടുകടത്താനും തീരുമാനമായി. തുടര്‍ന്ന് അദ്ദേഹത്തെ ന്യൂജേഴ്‌സിയിലെ ഇമിഗ്രേഷന്‍ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് അയച്ചു. തടങ്കലില്‍ കഴിയവേ അതിനെ ചോദ്യം ചെയ്ത് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും യു എസില്‍ അഭയം തേടുകയും ചെയ്തു. 19 മാസത്തെ തടങ്കല്‍ വാസത്തിനുശേഷം അദ്ദേഹത്തിന് അഭയം നല്‍കുകയും കുടുംബവുമായി വീണ്ടും ഒന്നിക്കാന്‍ കഴിയുകയും ചെയ്തു.

ആന്‍ഡ്രിയാസിനെയും അബ്ദിയെയും സിബിപി പരിഗണിച്ച രീതി അസ്വസ്ഥത സൃഷ്ടിക്കുന്നു. അവ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും എസിഎല്‍യു പറഞ്ഞു.

ഫീല്‍ഡ് ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് കമ്മീഷണര്‍ ടോഡ് ഓവന്റെ അന്നത്തെ സിബിപി ഓഫീസില്‍ നിന്നുള്ള 2017 ലെ സാക്ഷ്യപ്രകാരം, ആ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം യാത്രാ രേഖകളുള്ള 1400 ല്‍ അധികം ആളുകള്‍ക്ക് പ്രവേശനം ടിടിആര്‍ടികള്‍ നിഷേധിച്ചു.

‘ആന്‍ഡ്രിയാസിനെയും അബ്ദിയെയും ലക്ഷ്യമിട്ട ഉദ്യോഗസ്ഥര്‍ രഹസ്യ സംഘത്തിന്റെ ഭാഗമാണെന്ന് ഇപ്പോള്‍ ഞങ്ങള്‍ക്കറിയാം, കുറഞ്ഞത് 46 വിമാനത്താവളങ്ങളിലേക്കും മറ്റ് യുഎസ് തുറമുഖങ്ങളിലേക്കും ഇവരെ സിബിപി വിന്യസിച്ചിട്ടുണ്ട്,’ സംഘടന പറഞ്ഞു.

ടിടിആര്‍ടികള്‍ പ്രധാനമായും രഹസ്യമായി പ്രവര്‍ത്തിക്കുമ്പോള്‍, സിബിപി ഉദ്യോഗസ്ഥരുടെ പരസ്യ പ്രസ്താവനകളില്‍ നിന്നും ഞങ്ങള്‍ക്കറിയാം, ഏതെങ്കിലും സര്‍ക്കാര്‍ വാച്ച് ലിസ്റ്റില്‍ ഇല്ലാത്ത വ്യക്തികളെ ടീമുകള്‍ വ്യക്തമായി ലക്ഷ്യം വയ്ക്കുമെന്ന്’,’ എസിഎല്‍യു പറഞ്ഞു.

ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ ആക്ടിംഗ് ചീഫ് ആകാന്‍ പോകുന്ന മുന്‍ സിബിപി കമ്മീഷണര്‍ കെവിന്‍ മക്അലീനനും 2018 സെപ്റ്റംബറിലെ അഭിമുഖത്തില്‍ ടിടിആര്‍ടി ടീമുകള്‍ പ്രവര്‍ത്തിക്കുന്നത് ‘സഹജാവബോധം’ അടിസ്ഥാനമാക്കിയാണെന്ന് പറഞ്ഞതായി സിവില്‍ ലിബര്‍ട്ടീസ് ഓര്‍ഗനെസേഷന്‍ അറിയിച്ചു.

ഒരു ഉദ്യോഗസ്ഥന്‍ ‘സഹജവാസന’യെ ആശ്രയിക്കുന്നത് വ്യക്തമായ അല്ലെങ്കില്‍ പരോക്ഷമായ പക്ഷപാതങ്ങളെ അടിസ്ഥാനമാക്കി ഈ രഹസ്യ ടീമുകള്‍ യാത്രക്കാരെ ലക്ഷ്യമിടുന്നത് അപകടസാധ്യത സൃഷ്ടിക്കുന്നു. അവരുടെ വംശം, മതം, വംശീയത, അല്ലെങ്കില്‍ ദേശീയ ഉത്ഭവം എന്നിവയുടെ അടിസ്ഥാനം, അവരുടെ സംസാര സ്വാതന്ത്ര്യം അല്ലെങ്കില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ കാരണം യാത്രക്കാരെ തടഞ്ഞുവയ്ക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നത് പ്രൊഫൈലിംഗ് ആണ്. ഭരണഘടനയുടെ ഒന്നാം ഭേദഗതി ഇതിന് സംരക്ഷണം നല്‍കുന്നുണ്ട്.’ എസിഎല്‍യു വാദിക്കുന്നു.

ടിടിആര്‍ടികള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്ന് എസിഎല്‍യു വാദിച്ചു. ‘ഈ ടീമുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു, അവരുടെ ഉദ്യോഗസ്ഥരെ എങ്ങനെ പരിശീലിപ്പിക്കുന്നു, അവരുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പൗരസ്വാതന്ത്ര്യവും സ്വകാര്യത പരിരക്ഷകളും അടങ്ങിയിട്ടുണ്ടോ എന്നറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ട്,’ സംഘടന പറഞ്ഞു.