ഫോട്ടോഗ്രാഫര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് മണി. ആദിവാസി വിഭാഗത്തില്‍ നിന്നും വരുന്ന താരത്തിന് അക്കൊല്ലത്തെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു. പിന്നീട് സിനിമയിലൊന്നും മണിയെ ആരും കണ്ടില്ലെങ്കിലും ഉടലാഴം എന്ന സിനിമയില്‍ നായകനായി താരം അഭിനയിച്ചിരിക്കുകയാണ്.

അടുത്തിടെയാണ് ഉടലാഴം തിയറ്ററുകളിലേക്ക് എത്തുന്നത്. ഈ സിനിമയുടെ റിലീസിനോട് അനുബന്ധിച്ച്‌ നടത്തിയ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള ഒരു അഭിമുഖത്തത്തില്‍ മണിയെ കുറിച്ച്‌ നടി അനുമോള്‍ പറഞ്ഞിരിക്കുകയാണ്.

‘മണി ഒരു ഗംഭീര നടനാണ്. സംവിധായകന്‍ പറഞ്ഞ് കൊടുക്കുന്ന കാര്യങ്ങളെല്ലാം പെട്ടെന്ന് മനസിലാക്കി ചെയ്യാന്‍ കഴിവുള്ള ആളാണെന്നും അനുമോള്‍ പറയുന്നു. വളരെ സത്യസന്ധനാണ്. കരച്ചിലും ദേഷ്യവും സന്തോഷവുമൊക്കെ ഒരു മറയുമില്ലാതെ കാണിക്കുന്ന ആള്‍. സെറ്റില്‍ വെച്ച്‌ തനിക്ക് തന്റെ ഊരിലേക്ക് പോകണമെന്നൊക്കെ പറഞ്ഞ് വാശി പിടിച്ച്‌ മണി കരഞ്ഞിട്ടുണ്ട്. ആലുവയില്‍ പാലം പണിയ്ക്കും റോഡ് പണിയ്ക്കുമൊക്കെ താരം പോയിട്ടുണ്ട്. പല പണികളുമെടുത്ത് കഷ്ടപ്പെട്ടാണ് ജീവിച്ചത്.

സിനിമയിലേക്ക് ചിലര്‍ വിളിച്ചിട്ട് അവസരമില്ലെന്നൊക്കെ പറഞ്ഞ് മടക്കി അയച്ചിട്ടുണ്ട്. അങ്ങനെ ചില മോശം അനുഭവങ്ങളുമൊക്കെ ഉണ്ടായിട്ടുള്ളതിനാല്‍ സിനിമയിലേക്ക് വരുമ്ബോള്‍ എല്ലാവരെയും പേടിയായിരുന്നു. പക്ഷേ ഷൂട്ടിങിന്റെ ആദ്യദിവസം തന്നെ ഞങ്ങള്‍ തമ്മില്‍ നല്ല കൂട്ടായി. ഇപ്പോള്‍ ഏറ്റവുമടുത്ത സുഹൃത്താണെന്നും ഇടയ്ക്കിടെ വിളിക്കാറുണ്ടെന്നും അനുമോള്‍ പറയുന്നു.