പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച സംഗീതജ്ഞന്‍ ടി.എം കൃഷ്ണയടക്കം അറുന്നൂറു പേര്‍ക്കെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. ടി.എം.കൃഷ്ണ, നടന്‍ സിദ്ധാര്‍ഥ് , സമൂഹിക പ്രവര്‍ത്തകന്‍ നിത്യാനന്ദ് ജയറാം, വിടുതലൈ ചിരുതൈകള്‍ കക്ഷി നേതാവ് തിരുമാവളന്‍, മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥികള്‍ ഉള്‍പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്.

ഇന്നലെ തിരുവള്ളുവര്‍കോട്ടത്ത് വിവിവധ സംഘടനകള്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിലക്കു ലംഘിച്ചു പങ്കെടുത്തതിനാണ് കേസ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ തെറ്റായ പ്രചാരണം നടത്തുമെന്ന് ചൂണ്ടികാണിച്ചു പരിപാടിക്ക് നേരത്തെ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. മതത്തെ അടിസ്ഥാനമാക്കി ഇന്ത്യക്കാരെ വിഭജിക്കുന്നതാണ് പൗരത്വ നിയമ ഭേദഗതി എന്നും അത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും സിദ്ധാര്‍ഥ് പറഞ്ഞിരുന്നു.
കശ്മീരില്‍ എന്താണ് നടക്കുന്നതെന്ന് കാണണമെന്നും നിരവധി എംപിമാര്‍ വീട്ടുതടങ്കലിലാണെന്നും സിദ്ധാര്‍ത്ഥ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും സ്ഥിതി സാധാരണമാണ് എന്നാണ് അവര്‍ പറയുന്നത്. ഇത് കര്‍ക്കശമായ നിയമമാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം തുടരണമെന്നും പ്രതിഷേധിക്കുക എന്നത് ഓരോ പൗരന്റെയും അവകാശമാണെന്നും സിദ്ധാര്‍ഥ് അഭിമുഖത്തില്‍ പറഞ്ഞു.