തൃശ്ശൂര്‍: മുന്‍മന്ത്രിയും കുട്ടനാട് എംഎല്‍എയുമായ എന്‍സിപി നേതാവ് തോമസ് ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭാംഗമെന്ന നിലയില്‍ കുട്ടനാട് പ്രദേശത്തിന്റെ വികസനത്തിന് അദ്ദേഹം ചെയ്ത കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു.കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട് നിര്‍ണായകമായ ഇടപെടലുകള്‍ അദ്ദേഹം നടത്തി.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രാഷ്ട്രീയത്തിലേക്ക് വന്ന തോമസ് ചാണ്ടി വ്യവസായ സംരംഭകന്‍ എന്ന നിലയിലും അറിയപ്പെട്ടു. കുവൈറ്റില്‍ വിദ്യാഭ്യാസ മേഖലയില്‍ ശക്തമായ സാന്നിധ്യമായിരുന്നു അദ്ദേഹം. ടൂറിസം വികസന കാര്യത്തില്‍ പ്രത്യേക ശ്രദ്ധാലുവായിരുന്ന ചാണ്ടി മന്ത്രിയെന്ന നിലയിലും പ്രാഗത്ഭ്യം തെളിയിച്ചു.
മുഴുവന്‍ വോട്ടര്‍മാര്‍ക്കും പ്രാപ്യനായ ജനപ്രതിനിധി എന്ന നിലയില്‍ അദ്ദേഹത്തിന് ലഭിച്ച അംഗീകാരം വലുതാണ്. ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെയും ജനമനസ്സുകളില്‍ സ്ഥാനം നേടാന്‍ തോമസ് ചാണ്ടിക്ക് സാധിച്ചു. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു.പ്രമുഖ എന്‍സിപി നേതാവും കുട്ടനാട് എംഎല്‍എയുമായിരുന്ന തോമസ് ചാണ്ടി ഇന്ന് ഉച്ച കഴിഞ്ഞാണ് അന്തരിച്ചത്. 72 വയസായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.