തിരുവനന്തപുരം: ഭരണഘടനയെ തകര്‍ക്കലാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു . ദേശീയ പ്രസ്ഥാനത്തില്‍ അഭിമാനംകൊള്ളുന്നില്ല എന്നതിനാലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ആകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി . കേന്ദ്ര പൗരത്വ നിയമത്തിനെതിരേ എല്‍.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ നടന്ന ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എ. വിജയരാഘവന്‍ .

കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വം നടത്തിയ, ജനങ്ങളെ ഭിന്നിപ്പിച്ച്‌ ഭരിക്കാനുള്ള ശ്രമമാണ് പൗരത്വ ഭേദഗതി നിയമം. ഭരണഘടനയ്ക്കെതിരേയുള്ള കൈയേറ്റമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് . രാജ്യത്തെമ്ബാടും പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. ഇതിന് വലിയ വിലകൊടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു .

രാജ്യത്ത് ഒരു കാര്യത്തിനും വ്യവസ്ഥയില്ലാതായിരിക്കുകയാണ് . സമ്ബദ്ഘടന തകര്‍ന്നു. സിനിമാക്കാരെപ്പോലെ കുപ്പായമിട്ട് പ്രതിപക്ഷത്തിനെതിരേയും പാകിസ്‌താനെതിരേയും പ്രസംഗിച്ചുനടക്കുന്ന നരേന്ദ്ര മോദി രാജ്യത്തെ പ്രശ്നങ്ങള്‍ കാണുന്നില്ല. കോര്‍പ്പറേറ്റുകള്‍ക്കുംമറ്റും രാജ്യം കൊള്ളയടിക്കുന്നതിനുള്ള മേല്‍നോട്ടക്കാരനായി സര്‍ക്കാര്‍ മാറിയെന്നും എ. വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു .