തിരുവനന്തപുരം: മംഗളൂരില്‍ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മലയാളി മാധ്യമപ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ കര്‍ണ്ണാടക സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍.

മാധ്യമപ്രവര്‍ത്തകര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയാണ് വേണ്ടത്. റിപ്പോര്‍ട്ടിംഗ് തടയുന്നതില്‍ യാതൊരു ന്യായീകരണവും ഇല്ലെന്നും മന്ത്രി പ്രതികരിച്ചു.

‘നാട്ടിലുണ്ടാകുന്ന സംഭവങ്ങള്‍ ജനങ്ങള്‍ അറിയുന്നതില്‍ എന്തോ അപകടമുണ്ടെന്ന് കരുതുന്നവരാണ് മാധ്യമപ്രവര്‍ത്തകരെ തടയുന്നത്. ഇത് യാതൊരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഇതിന് ന്യായീകരണവും ഇല്ല. കേരളത്തില്‍ നിന്നുള്ളവര്‍ മംഗളൂരില്‍ പ്രശ്‌നമുണ്ടാക്കേണ്ട കാര്യമില്ല. അങ്ങനെയുണ്ടെങ്കില്‍ വസ്തുതാപരമായി ഇത് തെളിയിക്കേണ്ടതാണ്,’ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മലയാളം, തെലുങ്ക്, തമിഴ് മാധ്യമപ്രവര്‍ത്തകരെ വെന്‍ലോക് ആശുപത്രി പരിസരത്ത് നിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതിനിടെ കേരളത്തില്‍ നിന്നുള്ളവരാണ് മംഗലാപുരത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്ന ആരോപണവുമായി കര്‍ണ്ണാടകയിലെ ആഭ്യന്തര മന്ത്രി രംഗത്ത് വന്നിരുന്നു.