ദേശീയ പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച്‌ രാജ്യത്ത് ഒന്നടങ്കം വലിയ വിവാദങ്ങള്‍ക്ക് തുടക്കമായിരിക്കുകയാണ്. സോഷ്യല്‍ മീഡിയ വിട്ട് താരങ്ങള്‍ വരെ തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ തുടങ്ങി. അതിനു തുടക്കം കുറിച്ചിരിക്കുന്നത് തമിഴ് താരം സിദ്ധാര്‍ത്ഥും മലയാളികളുടെ സ്വന്തം പാര്‍വതിയുമാണ്.

മുംബൈ ആഗസ്റ്റ് ക്രാന്തി മൈതാനത്തില്‍ ചേര്‍ന്ന പ്രതിഷേധ കൂട്ടായ്മയിലാണ് പാര്‍വതി പങ്കെടുത്തത്. നേരത്തെ, പ്രതിഷേധത്തെ അനുകൂലിച്ച്‌ പാര്‍വതി സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്ത് വന്നിരുന്നു. പാര്‍വതിയുടെ വാക്കും പ്രവൃത്തിയും ഒന്നാണെന്നും നിലപാടുള്ള നടിയാണെന്നും അവരെ ആക്ഷേപിച്ചവര്‍ തന്നെ പറയുന്നു. ആദര്‍ശങ്ങളില്‍ വെള്ളം ചേര്‍ക്കാത്ത നടിയാണ് പാര്‍വതിയെന്ന് സന്ദീപ് ദാസ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സന്ദീപ് ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇതാണ് പാര്‍വ്വതി തിരുവോത്ത്. മലയാളസിനിമയുടെ അഭിമാനമായ അഭിനേത്രി.ഇത്രയേറെ ശാപവചനങ്ങളും തെറിവാക്കുകളും ഏറ്റുവാങ്ങിയിട്ടുള്ള മറ്റൊരു നടി ഉണ്ടാവില്ല.പക്ഷേ പാര്‍വ്വതി പരാതികളില്ലാതെ സമൂഹത്തിനുവേണ്ടി ശബ്ദിച്ചുകൊണ്ടിരിക്കുന്നു.നമുക്കുവേണ്ടി പാര്‍വ്വതി തെരുവിലിറങ്ങിയിരിക്കുന്നു.

അങ്ങേയറ്റം അത്ഭുതത്തോടെയാണ് ഞാന്‍ പാര്‍വ്വതിയെ വീക്ഷിക്കാറുള്ളത്.ഇത്ര നിസ്വാര്‍ത്ഥമായി പെരുമാറാന്‍ മനുഷ്യരെക്കൊണ്ട് സാധിക്കുമോ എന്ന് പലപ്പോഴും സംശയിച്ചിട്ടുണ്ട്.സ്വന്തം നിലനില്‍പ്പിന്റെ കാര്യം വരുമ്ബോള്‍ മിക്ക ആളുകളും ആദര്‍ശങ്ങളില്‍ കുറച്ച്‌ വെള്ളം ചേര്‍ക്കാറുണ്ട്.പക്ഷേ പാര്‍വ്വതി അവിടെയും വ്യത്യസ്തയാകുന്നു !

പാര്‍വ്വതി ചെയ്തുവെച്ചിട്ടുള്ള കഥാപാത്രങ്ങള്‍ ഒന്ന് പരിശോധിച്ചുനോക്കൂ.അനശ്വരപ്രണയത്തിന്റെ പ്രതീകമായ കാഞ്ചനമാല,നഴ്സുമാര്‍ക്ക് അഭിമാനപൂര്‍വ്വം ചൂണ്ടിക്കാട്ടാവുന്ന സമീറ,ആസിഡ് ആക്രമണങ്ങള്‍ നേരിടേണ്ടിവരുന്ന പെണ്‍കുട്ടികളെ പ്രചോദിപ്പിക്കുന്ന ഉയരെ…

എണ്ണത്തില്‍ കുറവാണെങ്കിലും നിലവാരത്തിന്റെ കാര്യത്തില്‍ പാര്‍വ്വതിയുടെ കഥാപാത്രങ്ങള്‍ ബഹുദൂരം മുന്നില്‍ നില്‍ക്കുന്നു. ഒട്ടുമിക്ക ചലച്ചിത്രമേളകളിലും പാര്‍വ്വതിയുടെ സിനിമകള്‍ അംഗീകരിക്കപ്പെടാറുണ്ട്. ചെറിയൊരു കാലയളവുകൊണ്ട് എണ്ണമറ്റ അവാര്‍ഡുകള്‍ അവര്‍ വാരിക്കൂട്ടിയിട്ടുമുണ്ട്.

പാര്‍വ്വതിയുടെ യാത്ര ഒട്ടും സുഗമമായിരുന്നില്ല. തന്റെ പ്രാരംഭ കാലത്തെക്കുറിച്ച്‌ ആരും സംസാരിക്കാറില്ല എന്ന് പാര്‍വ്വതി തന്നെ പറഞ്ഞിട്ടുണ്ട്. ‘ബാംഗ്ലൂര്‍ ഡെയ്സ് ‘ എന്ന സിനിമ മുതല്‍ക്കാണ് മലയാളികള്‍ ആ നടിയെ ശ്രദ്ധിച്ചുതുടങ്ങിയത്. സിനിമയുടെ പിന്നാമ്ബുറങ്ങളില്‍ ഏതാണ്ട് ഒരു പതിറ്റാണ്ട് കഴിച്ചുകൂട്ടിയ വ്യക്തിയാണ് പാര്‍വ്വതി.

അഭിനയസിദ്ധിയിലൂടെ ലോകം കീഴടക്കാന്‍ പാര്‍വ്വതിയ്ക്ക് സാധിക്കും. ആ സ്ഥാനം അവര്‍ വളരെയേറെ കഷ്ടപ്പെട്ട് നേടിയതുമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സാധാരണ മനുഷ്യര്‍ എന്താണ് ചെയ്യുക?’കുഴപ്പങ്ങളിലൊന്നും’ ചെന്ന് ചാടാതെ സ്വന്തം കരിയറില്‍ മാത്രം ശ്രദ്ധിച്ച്‌ മുന്നോട്ടുപോകും. പക്ഷേ പാര്‍വ്വതി ചെയ്തത് എന്താണ്?

‘കസബ’ എന്ന സിനിമയിലെ സ്ത്രീവിരുദ്ധതയെ നിശിതമായി എതിര്‍ത്തു. മമ്മൂട്ടിയെപ്പോലൊരു വലിയ താരത്തിന്റെ സിനിമയെ വിമര്‍ശിച്ചാല്‍ കരിയര്‍ തന്നെ അപകടത്തിലാവുമെന്ന് അറിയാഞ്ഞിട്ടല്ല. ചില സത്യങ്ങള്‍ പറയാനുള്ളതാണ് എന്ന നിലപാടില്‍ പാര്‍വ്വതി ഉറച്ചുനിന്നു.

മലയാളസിനിമയിലെ ഒരു മുന്‍നിര നായിക പൈശാചികമായ രീതിയില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ‘അമ്മ’ എന്ന താരസംഘടന കൈക്കൊണ്ട പരിഹാസ്യമായ സമീപനങ്ങള്‍ ഒരാള്‍ക്കും മറക്കാനാവില്ല. പക്ഷേ പാര്‍വ്വതി ‘പക്ഷേ’കളില്ലാതെ തന്റെ കൂട്ടുകാരിയ്ക്കൊപ്പം നിലകൊണ്ടു.

ഈ രണ്ട് തീരുമാനങ്ങളുടെ പേരില്‍ പാര്‍വ്വതിയ്ക്ക് ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കീബോര്‍ഡ് പടയാളികള്‍ അവര്‍ക്കുചുറ്റും നിന്ന് ആക്രമിച്ചിട്ടുണ്ട്. പക്ഷേ പാര്‍വ്വതി ഒരിഞ്ചുപോലും മാറിയില്ല. പണ്ട് പറഞ്ഞ കാര്യങ്ങള്‍ അതേപടി ഇപ്പോഴും പറയാന്‍ അവര്‍ക്ക് യാതൊരു മടിയുമില്ല. ‘അര്‍ജ്ജുന്‍ റെഡ്ഢി’ വിമര്‍ശനം അതിന്റെ വ്യക്തമായ സൂചനയാണ്.

പാര്‍വ്വതിയെ അധിക്ഷേപിച്ചു എന്ന കുറ്റത്തിന് ഒരാളെ പൊലീസ് ഈയിടെ പിടികൂടിയിരുന്നു. ആ വിഡ്ഢി പാര്‍വ്വതിയുടെ വീട്ടില്‍ പോയി പാര്‍വ്വതിയുടെ അമ്മയെ ഉപദേശിച്ചുവെത്രേ ! പാര്‍വ്വതിയുടെ ധീരമായ തുറന്നുപറച്ചിലുകള്‍ ഇവിടത്തെ യാഥാസ്ഥിതികരായ പുരുഷകേസരികളെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്.

”നീ വെറും പെണ്ണാണ് ” എന്ന് ആണയിട്ടുകൊണ്ടിരുന്ന ഒരിടമായിരുന്നു മലയാള സിനിമ. മെയില്‍ ഷോവനിസ്റ്റുകളെക്കൊണ്ട് നിറഞ്ഞ ഒരു വ്യവസായം. ആണധികാരങ്ങളുടെ ശവപ്പെട്ടിയില്‍ പാര്‍വ്വതിയെപ്പോലുള്ളവര്‍ അവസാനത്തെ ആണിയും അടിച്ചുകഴിഞ്ഞു. ആ ഇരുണ്ട കാലത്തേക്ക് ഇനിയൊരിക്കലും മലയാളസിനിമ മടങ്ങിപ്പോകില്ല.

രാജ്യം ഒരു വലിയ പ്രതിസന്ധിയിലേക്ക് സഞ്ചരിച്ചു തുടങ്ങിയപ്പോള്‍ മിക്ക സിനിമാക്കാരും മൗനത്തിലായിരുന്നു. ചിലര്‍ ഇപ്പോഴും മിണ്ടിയിട്ടില്ല. കുറച്ചുപേര്‍ വൈകിയാണ് പ്രതികരിച്ചത്. പക്ഷേ പാര്‍വ്വതി ആരംഭത്തില്‍ തന്നെ തന്റെ നിലപാട് കൃത്യമായും വ്യക്തമായും പറഞ്ഞിരുന്നു.

ഈ പ്രവൃത്തിയുടെ പേരില്‍ പാര്‍വ്വതിയ്ക്ക് പല പുരസ്കാരങ്ങളും കൈമോശം വന്നേക്കാം. പക്ഷേ പാര്‍വ്വതിയ്ക്ക് സ്വന്തം കാര്യമല്ല പ്രധാനം. അവര്‍ ഒരു മനുഷ്യസ്നേഹിയാണ്. ഈ രാജ്യത്തെ സാധുമനുഷ്യരെക്കുറിച്ച്‌ അവര്‍ക്ക് ആശങ്കയുണ്ട്.

ഇതിനെയും ചിലര്‍ ‘പബ്ലിസിറ്റി സ്റ്റണ്ട് ‘ എന്ന് വിശേഷിപ്പിച്ചു കണ്ടു. അവരോട് ഒന്നേ പറയാനുള്ളൂ. നട്ടെല്ലുള്ള നടിയാണ് പാര്‍വ്വതി. നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി ഉള്ളവര്‍ക്ക് അവരെ ഒരുകാലത്തും മനസ്സിലാകാന്‍ പോകുന്നില്ല…