ആലപ്പുഴ: വഴിയോരക്കച്ചവടക്കാരുടെ അടുത്ത് നിന്ന് ടാറ്റൂ പതിച്ച കുട്ടികള്‍ക്ക് പൊള്ളലേറ്റു. തീപ്പൊള്ളലിന് സമാനമായി ടാറ്റൂ ചെയ്ത ഭാഗത്ത് പൊള്ളലേറ്റിട്ടുണ്ട്. ആലപ്പുഴയിലെ പ്രമുഖ സ്‌കൂളിലെ യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് കഴിഞ്ഞ ദിവസം കൈകളില്‍ ടാറ്റൂ പതിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെട്ടത്.

ജില്ലയിലെ മുല്ലയ്ക്കല്‍-കിടങ്ങാംപറമ്ബ് ക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവത്തിന്റെ ഭാഗമായെത്തിയതാണ് വഴിയോരക്കച്ചവടക്കാര്‍. മൈലാഞ്ചി പതിക്കല്‍ എന്ന പേരില്‍ തെരുവുകളില്‍ ലേലം പിടിച്ച്‌ കട നടത്തുന്നവരാണ് ടാറ്റൂ പതിക്കലും നടത്തുന്നത്.

ആണ്‍കുട്ടികളാണ് കൂടുതലായും ഇവരുടെ വലയില്‍ വീഴുന്നത്. വിവിധ ആകൃതിയിലുള്ള ടാറ്റൂ കൈത്തണ്ടയിലും ശരീര ഭാഗങ്ങളിലും പതിപ്പിച്ചു. യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പേരുടെ വിവരങ്ങള്‍ മാത്രമാണ് പുറത്ത് വന്നതെങ്കിലും പലരും പൊള്ളല്‍ രഹസ്യമാക്കി വെച്ചിരിക്കുന്നതായി സംശയമുണ്ടെന്നും അധ്യാപകര്‍ പറയുന്നു.

സംഭവത്തെ തുടര്‍ന്ന് ടാറ്റൂ പതിക്കല്‍ നടത്തിയ കച്ചവടക്കാരെ മുനിസിപ്പാലിറ്റി ഒഴിപ്പിച്ചു.