അബുദാബി : ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ പകുതിയാക്കി അബുദാബി. ഞായറാഴ്ച ഇതു നിലവില്‍ വരും. ഓണ്‍ലൈനില്‍ പിഴയടയ്ക്കാം. ഈ മാസം 22 നു മുന്‍പുള്ള നിയമലംഘനങ്ങള്‍ക്കാണ് ഇതു ബാധകമെന്നും പൊലീസ് വ്യക്തമാക്കി.

ഗുരുതര നിയമലംഘനങ്ങള്‍ക്ക് 3 മാസം വരെ വാഹനം പിടിച്ചെടുത്തതും ഡ്രൈവിങ് ലൈസന്‍സിലെ ബ്ലാക്ക്മാര്‍ക്കും പിഴയടയ്ക്കുന്നതോടെ ഒഴിവാകും. വാഹനം പിടിച്ചെടുക്കുന്നതിനു പകരമായി ഈടാക്കുന്ന പിഴയിലും അടയ്ക്കാന്‍ വൈകുന്നതിലുള്ള തുകയിലും 35% ഇളവു നല്‍കുന്നത് 22 ന് ആരംഭിക്കും.

നിയമലംഘനം രേഖപ്പെടുത്തിയ ദിവസം മുതല്‍ 60 ദിവസത്തിനകം പിഴയടയ്ക്കുന്നവര്‍ക്ക് ഈ ഇളവ് ലഭിക്കും. ഇതിനുശേഷം ഒരു വര്‍ഷം തികയും മുന്‍പ് പിഴയടയ്ക്കുന്നവര്‍ക്ക് ഇളവ് 25%. അതിനുശേഷം ഇളവു ലഭിക്കില്ല.