കൊച്ചി : ജാതിയുടേയും മതത്തിന്റെയും ഭാഷയുടേയും ദേശത്തിന്റെയും പേരിലുള്ള ഒരു വേര്‍തിരിവുമില്ലാതെ കേരളത്തില്‍ ജോലി ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടാകുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ . ഏതു മതത്തിലും ജാതിയിലുംപെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ രാജ്യത്ത് എവിടെയും സഞ്ചരിക്കാനും തൊഴിലെടുക്കാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്തര്‍ദേശീയ കുടിയേറ്റ തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി .

തൊഴിലാളി ക്ഷേമ നടപടികളില്‍ കേരളത്തെ മറികടക്കാന്‍ ഇന്ത്യയിലെ ഒരു സംസ്ഥാനത്തിനുമാവില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന മിനിമം വേതനം നിലവിലുള്ള സംസ്ഥാനമാണു കേരളം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ലക്ഷക്കണക്കിന് തൊഴിലാളികളെ അതിഥികളായാണു കേരളം സ്വീകരിച്ചത്. പല സംസ്ഥാനങ്ങളും ഭാഷയുടെയും വംശത്തിന്റെയും ദേശത്തിന്റെയും മതത്തിന്റെയുമൊക്കെ പേരില്‍ കുടിയേറ്റതൊഴിലാളികളെ മാറ്റി നിര്‍ത്തുമ്ബോള്‍ കേരളം അവരെ അതിഥികളായി വരവേല്‍ക്കുകയാണ്. കേരളീയജീവിതത്തിന്റെ സുപ്രധാനമായ ഒരു ഘടകമായി അതിഥി തൊഴിലാളികള്‍ മാറിക്കഴിഞ്ഞതായും മന്ത്രി വ്യകത്മാക്കി .

കേരളത്തിലെ തൊഴിലാളികള്‍ക്കുള്ള എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും ഈ തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് രണ്ടു ലക്ഷം രൂപയുടെ അപകടമരണഇന്‍ഷൂറന്‍സും 25,000 രൂപയുടെ സൗജന്യ ചികിത്സയും പ്രസവ സംബന്ധമായ ആനുകൂല്യവും ലഭ്യമാക്കുന്ന ആവാസ് അഷ്വറന്‍സ് പദ്ധതി ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. ആവാസ് മുഖേന 56 സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ ഉറപ്പുവരുത്തിയിട്ടുണ്ട്. ഇതുവരെ 4.91 ലക്ഷം തൊഴിലാളികള്‍ ആവാസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .