കൊച്ചി: യുവനടന്‍ ഷെയ്ന്‍ നിഗത്തിനെ നിര്‍മ്മാതാക്കളുടെ സംഘടന വിലക്കിയതോടെ വിവാദം കത്തിപ്പടരുകയാണ്. എന്നാല്‍ വിഷയത്തില്‍ നടനെതിരെയുള്ള നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് നിര്‍മാതാക്കളുടെ സംഘടന.

നിര്‍മാതാക്കളെ മനോരോഗി എന്ന് വിളിച്ച ഷെയ്ന്‍ പരസ്യമായി മാപ്പ് പറയണം. താരസംഘടനയായ അമ്മയുമായി മാത്രമേ ചര്‍ച്ചക്ക് തയ്യാറുള്ളൂ എന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍മാതാക്കള്‍ ഈ കാര്യം വ്യക്തമാക്കിയത്.

ഷെയ്‌നെതിരായ നിലപാടില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നാണ് നിര്‍മാതാക്കളുടെ തീരുമാനം. ഷെയ്‌നുമായി നേരിട്ട് ചര്‍ച്ചക്കില്ല. താരസംഘടനയായ അമ്മ ക്ഷണിച്ചാല്‍ ചര്‍ച്ചക്ക് തയ്യാറാണ്. മുടങ്ങിയ സിനിമകളുടെ നഷ്ടം നികത്തേണ്ടത് ഷെയ്ന്‍ ആണ്.

അതിന് ശേഷം പുതിയ സിനിമകളില്‍ സഹകരിപ്പിക്കുന്നത് ആലോചിക്കുമെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി. അതിനിടെ ഞായറാഴ്ച തീരുമാനിച്ച അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം അനിശ്ചിതമായി നീട്ടി. ഇതോടെ ഷെയ്ന്‍ വിഷയത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ഇനിയും വൈകാനാണ് സാധ്യത.