കോഴിക്കോട്: ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മരണം കൊലപാതകമാണെന്ന സംശയമുയരുന്നു. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസെങ്കലും കുട്ടിയെ കൊന്ന് കെട്ടിത്തൂക്കിയതാകാനുള്ള സാധ്യതയുണ്ടെന്ന് ആരോപണം. എന്നാല്‍ മരണത്തില്‍ പങ്കില്ലെന്നാണു കേസില്‍ അറസ്റ്റിലായ കാമുകന്റെ വാദം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ പുറത്തു വന്നിട്ടില്ല.

ഈ മാസം പത്തിനായിരുന്നു പ്ലസ്ടു വിദ്യാര്‍ഥിനിയായ അനുപ്രിയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു മരണം. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയതിന് ശേഷമായിരുന്നു ആത്മഹത്യ. കുട്ടിയുടെ കൈത്തണ്ടയിലും ഡയറിയിലും റിനാസിന്റെ പേര് എഴുതിവെച്ചിരുന്നു. പെണ്‍കുട്ടിയുടെ പ്രണയം വൈകി അറിഞ്ഞ വീട്ടുകാര്‍ റിനസിനോട് ഇതേ പറ്റി ചോദിക്കുകയും ചെയ്തു. ഇതിന്റെ പേരില്‍ കാമുകന്‍ മാനസികമായി പീഡിപ്പിച്ചതാണോ ആത്മഹത്യക് പ്രേരിപ്പിച്ചതെന്നും സംശയമുള്ളതായി ബന്ധുക്കളുടെ ആരോപിച്ചിരുന്നു.തങ്ങളെ കേസില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പലരും ശ്രമിക്കുന്നതായും ബന്ധുക്കള്‍ പറയുന്നു. പോലീസ് ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്നും സ്‌കൂള്‍ മാനേജ്‌മെന്റിന്റെ സമര്‍ദമാണ് ഇതിനു പിന്നിലെന്നും ആരോപണമുണ്ട്.

പെണ്‍കുട്ടിയ്ക്ക് റിനാസിന്റെ വീട്ടുകാരില്‍ നിന്നും ഭീഷണിയുണ്ടായിരുന്നുവെന്നാണ് കുട്ടിയുടെ സഹപാഠികള്‍ നല്‍കുന്ന വിവരം. മരിച്ച ദിവസവും ഇരുവരും കണ്ടിരുന്നതായി സഹപാഠികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. കൂടാതെ പെണ്‍കുട്ടിയുടെ സഹോദരനെയും റിനാസ് ഭീഷണിപ്പെടുത്തിയിരുന്നു. മുക്കം പോലീസ് കാമുകനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കാരശ്ശേരി മുരിങ്ങ പുറായി സ്വദേശി റിനാസിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

കൊലപാതകമാണെന്നു സംശയം തോന്നാനുള്ള മൂന്ന് കാരണങ്ങളിതാണ്. മൃതദേഹം കാണുമ്ബോള്‍ കൈകള്‍ പിന്നിലേക്കു ചേര്‍ത്ത് പിടിച്ച നിലയിലായിരുന്നു. കുട്ടിയുടെ നീളം കണക്കാക്കിയാല്‍ ആത്മഹത്യ ചെയ്യുമ്ബോള്‍ കാലുകള്‍ കട്ടിലില്‍ മുട്ടും. അങ്ങനെയെങ്കില്‍ മരണം സംഭവിക്കാന്‍ കൂടുതല്‍ സമയമെടുക്കും. എന്നാല്‍ മരണത്തിന് അധികം സമയമെടുത്തിട്ടില്ല. മാത്രമല്ല മരണവെപ്രാളത്തില്‍ കട്ടിലില്‍ തട്ടി കാലുകളില്‍ മുറിവുണ്ടാകാനും സാധ്യതയുണ്ട്. അതും ഉണ്ടായിട്ടില്ല. പിന്നങ്ങനെ ആത്മഹത്യയെന്ന നിഗമനത്തില്‍ പൊലിസെത്തിയെന്നാണ് ആക്ഷന്‍ കമ്മറ്റിയുടെ ചോദ്യം. കൂടാതെ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത ദിവസം ചില അപരിചിതരെ പ്രദേശത്ത് കണ്ടിരുന്നു. ഇതിനെക്കുറിച്ചും കാര്യമായ അന്വേഷണം ഇതുവരെ നടന്നിട്ടില്ല.