കൊച്ചി : നടന്‍ ഷെയിന്‍ നിഗത്തിനെതിരായ നിലപാടില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ആവര്‍ത്തിച്ച്‌ നിര്‍മ്മാതാക്കളുടെ സംഘടന. പ്രസിഡന്റ് എം.രഞ്ജിത്താണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, ഇന്നത്തെ യോഗത്തില്‍ തനിക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഷെയിന്‍ നിഗം പ്രതികരിച്ചു.

മലയാള സിനിമാ ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത അനുഭവമാണ് ഷെയിന്റെ ഭാഗത്തു നിന്നും നേരിടേണ്ടി വന്നിരിക്കുന്നതെന്നും ‘ഉല്ലാസം’ സിനിമ ഡബ്ബ് ചെയ്യാതെ ഷെയിനുമായി യാതൊരു ചര്‍ച്ചകള്‍ക്കും ഇല്ലെന്നും രഞ്ജിത്ത് പറഞ്ഞു.

ഷെയിന്‍ സിനിമ ഡബ്ബ് ചെയ്യുമെന്ന് താരസംഘടനയായ അമ്മ ഉറപ്പ് നല്‍കിയാല്‍ മാത്രം ചര്‍ച്ചയാകാം. ഷെയിനെതിരെ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് നിര്‍മാതാക്കളുടെ സംഘടന ഇന്ന് കൊച്ചിയില്‍ യോഗം ചേരാനിരിക്കെയാണ് രഞ്ജിത്ത് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.