ദില്ലി: പൗരത്വ നിയമത്തിനെതിരെ തന്റെ മകള്‍ സന പ്രതിഷേധിച്ചിട്ടില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കഴിഞ്ഞ ദിവസം പൗരത്വ നിയമത്തെ വിമര്‍ശിച്ച്‌ സന നടത്തിയ പരാമര്‍ശങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വന്നിരുന്നു. ഇത് വലിയ തരംഗമായിരുന്നു. എഴുത്തുകാരന്‍ ഖുശ്വന്ത് സിംഗിന്റെ വാക്കുകള്‍ സൂചിപ്പിച്ച്‌ കൊണ്ടായിരുന്നു സന വിമര്‍ശനം നടത്തിയത്. എന്നാല്‍ ഇത് സത്യമല്ലെന്നാണ് ഗാംഗുലി പറയുന്നത്.

തന്റെ മകള്‍ വളരെ ചെറിയ കുട്ടിയാണ്. അവള്‍ക്ക് രാഷ്ട്രീയത്തെ കുറിച്ച്‌ അറിയില്ല. അവളെ വെറുതെ വിടണമെന്നും ഗാംഗുലി അഭ്യര്‍ത്ഥിച്ചു. സനയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്. അവള്‍ക്ക് ഒന്നും അറിയില്ല. ആ പോസ്റ്റ് വ്യാജമാണ്. രാഷ്ട്രീയത്തെ കുറിച്ച്‌ അറിയാന്‍ മാത്രമുള്ള പ്രായം അവള്‍ക്കായിട്ടില്ലെന്നും ഗാംഗുലി പറഞ്ഞു. അതേസമയം പൗരത്വ നിയമത്തിനെതിരെ സര്‍വകലാശാലകളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയായിരുന്നു സനയുടെ പോസ്റ്റ് വന്നത്. ഇത് വിദ്യാര്‍ത്ഥികള്‍ക്കുള്ള പിന്തുണയായും കരുതിയിരുന്നു.

ഖുശ്വന്ത് സിംഗിന്റെ പുസ്തകം ദ എന്‍ഡ് ഓഫ് ഇന്ത്യയിലെ ചില കാര്യങ്ങള്‍ പങ്കുവെച്ചത്. എല്ലാ ഫാസിസ്റ്റ് ഭരണകൂടങ്ങളും മതങ്ങളെയും സംഘടനകളെയും ആവശ്യമാണ്. അവരെ ഇവര്‍ക്ക് മോശമായ രീതിയിലേക്ക് നയിച്ചാല്‍ മാത്രമേ ഭരണകൂടങ്ങള്‍ക്ക് വളരാന്‍ സാധിക്കൂ. അത് ഒന്നോ രണ്ടോ ഗ്രൂപ്പുകളില്‍ നിന്നാണ് തുടങ്ങുക. എന്നാല്‍ പിന്നീട് അത് അവസാനിക്കുന്നില്ല. വെറുപ്പിനാല്‍ രൂപീകരിക്കപ്പെട്ട ഒരു ഗ്രൂപ്പ് സമൂഹത്തില്‍ ഭയം ഉണ്ടാക്കി കൊണ്ട് മാത്രമേ നിലനില്‍ക്കൂ എന്നും സനയുടെ പോസ്റ്റില്‍ പറഞ്ഞിരുന്നു.

മുസ്ലീമും ക്രിസത്യാനികളും അല്ലാത്തത് കൊണ്ട് സുരക്ഷിതരാണെന്ന് കരുതുന്നവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണ് കഴിയുന്നത്. സംഘപരിവാര്‍ ഇടതുപക്ഷ ചരിത്രകാരന്‍മാരെയും പാശ്ചാത്യവത്കരിക്കപ്പെട്ട യുവാക്കളെയും ലക്ഷ്യമിടുകയാണ്. നാളെ അവര്‍ ഇത് ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്ന സ്ത്രീകളിലേക്കും മാംസം കഴിക്കുന്ന ജനങ്ങളിലേക്കും, മദ്യം കഴിക്കുന്നവരിലേക്കും വിദേശ ചിത്രങ്ങള്‍ കാണുന്നവരിലേക്കും എത്തും. ക്ഷേത്രങ്ങളില്‍ തീര്‍ത്ഥാടനത്തിന് പോകാതിരിക്കൂ, ദന്ത് മഞ്ജന് പകരം ടൂത്ത് പേസ്റ്റുകള്‍ ഉപയോഗിക്കൂ. വൈദ്യന്‍മാര്‍ക്ക് പകരം അലോപ്പതി ഡോക്ടര്‍മാരെ കൊണ്ട് ചികിത്സിക്കൂ, ജയ് ശ്രീരാമിന് പകരം ഷെയ്ക്ക് ഹാന്‍ഡുകള്‍ നല്‍കൂ. ഇന്ത്യയെ ജീവനോടെ നിലനിര്‍ത്താന്‍ ഇതാണ് അത്യാവശ്യമെന്നും സനയുടെ പോസ്റ്റില്‍ പറഞ്ഞിരുന്നു. ഇതോടെയാണ് ഗാംഗുലി പോസ്റ്റ് വ്യാജമാണെന്ന് പറഞ്ഞിരിക്കുന്നത്.