തിരുവനന്തപുരം: നിര്‍ഭയ കേസിലെ പ്രതികളുടെ തൂക്കിക്കൊലയ്ക്ക് ആരാച്ചാരാവാന്‍ കാത്തിരിക്കുന്നവരില്‍ തലസ്ഥാനത്ത് നിന്നു റെയ്മണ്ടും. ടെക്നോപാര്‍ക്കിലെ ജീവനക്കാരനായ റെയ്മണ്ട് റോബ്ലിന്‍ ഡോണ്‍സ്റ്റന്‍ ഒരാഴ്ച മുന്‍പാണ് തന്റെ സന്നദ്ധത പ്രകടിപ്പിച്ചു രാഷ്ട്രപതിക്കും തിഹാര്‍ ജയില്‍ സൂപ്രണ്ടിനും കത്തെഴുതിയത്. നിര്‍ഭയ കേസിലെ 4 പ്രതികളെ തിഹാര്‍ ജയിലില്‍ തൂക്കിലേറ്റാനുള്ള അവസരത്തിനായി രാജ്യമൊട്ടാകെ ഇരുപതോളം ചെറുപ്പക്കാര്‍ അപേക്ഷ കൊടുത്തു കാത്തിരിക്കുകയാണ്.

കൊല്ലം സ്വദേശിയായ റെയ്മണ്ട് ആവേശം കൊണ്ടു മാത്രമല്ല ആരാച്ചാരാകാന്‍ താല്‍പര്യം കാണിക്കുന്നത്. കോളജ് കാലത്ത് നേവല്‍ എന്‍സിസി ക‌െഡറ്റ് ആയിരുന്ന റെയ്മണ്ടിന് ആരാച്ചാര്‍ തയാറാക്കുന്ന കുരുക്ക് എങ്ങനെയെന്നത് സംബന്ധിച്ച്‌ പരിശീലനം കിട്ടിയിട്ടുണ്ട്. ഈ വിഷയത്തിലെ ചെറിയ തയാറെടുപ്പുകള്‍ വരെ താന്‍ വിശദമായി പഠിച്ചു കഴിഞ്ഞെന്നും റെയ്മണ്ട് പറയുന്നു. വിധി വന്ന് ഒരുപാട് നാളായിട്ടും ആരാച്ചാരുടെ അഭാവം മൂലം ശിക്ഷ വൈകുന്നതില്‍ റെയ്മണ്ടിന് അമര്‍ഷമുണ്ട്. നീതി നടപ്പാക്കാന്‍ വൈകുന്നത് നിര്‍ഭയയോട് മാത്രമല്ല, ഇന്ത്യയിലെ എല്ലാ സ്ത്രീകളോടുമുള്ള നീതിനിഷേധമാണെന്നാണ് റെയ്മണ്ടിന്റെ പക്ഷം.

അതേസമയം, നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ഇനിയും നീളുമെന്നാണ് റിപ്പോര്‍ട്ട്. മരണവാറന്‍റ് നല്‍കുന്നത് സംബന്ധിച്ച്‌ ദില്ലി സര്‍ക്കാര്‍ നല്‍കിയ കേസ് പട്യാല ഹൗസ് അഡീഷണല്‍ സെഷന്‍സ് കോടതി ജനുവരി ഏഴിലേക്ക് മാറ്റിയതോടെയാണ് വധശിക്ഷ നീളുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. മരണവാറന്‍റ് സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കുന്നത് നീട്ടിയതില്‍ നിരാശയുണ്ടെന്നാണ് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചത്.