മുംബൈ: ജാമിയ മിലിയ സര്‍വകലാശാലയിലെ സംഘര്‍ഷത്തില്‍ പ്രതികരിച്ച്‌ ബോളിവുഡ് സൂപ്പര്‍ താരം ഹൃതിക് റോഷന്‍. ഒരു രക്ഷിതാവെന്ന നിലയിലും ഇന്ത്യന്‍ പൗരനെന്ന നിലയിലും ഇന്ത്യയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ അതിയായ സങ്കടമുണ്ട്. എത്രയും പെട്ടെന്ന് സമാധാനം വീണ്ടെടുക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. മഹാന്‍മാരായ അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍കളില്‍ നിന്ന് പഠിക്കുന്നു. ലോകത്തെ ഏറ്റവും യുവത്വം നിറഞ്ഞ ജനാധിപത്യത്തിന് സല്യൂട്ടെന്നും ഹൃതിക് പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ഷെയിം ഓണ്‍ ഹൃതിക് ആന്‍ഡ് ദീപ് എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗായതിന് പിന്നാലെയാണ് താരം പ്രതികരിച്ചത്. കഴിഞ്ഞ ദിവസം ഹൃതിക്ക് ദീപിക പദുക്കോണിന് കേക്ക് മുറിച്ച്‌ നല്‍കുന്ന വീഡിയോ വന്നതിന് പിന്നാലെയാണ് ഇവര്‍ക്കെതിരെ വിമര്‍ശനം കടുത്തത്. നിരവധി ബോളിവുഡ് താരങ്ങള്‍ ജാമിയയിലെ പോലീസ് അതിക്രമത്തില്‍ രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യമെന്ന് പ്രമുഖ താരം ദിയ മിര്‍സ പറഞ്ഞു.

ഇന്ത്യ കത്തിക്കൊണ്ടിരിക്കുകയാണ്. അടിച്ചമര്‍ത്തല്‍, അക്രമം എന്നിവ അപലപിക്കേണ്ടതാണ്. പോലീസ് ഭീകരതയ്ക്കിടയിലും ധീരമായ നിലപാടുകള്‍ തുറഞ്ഞ് പറഞ്ഞ വിദ്യാര്‍ത്ഥികളെ സല്യൂട്ട് ചെയ്യുന്നുവെന്ന് സംവിധായകന്‍ ഹന്‍സല്‍ മേത്ത പറഞ്ഞു. ജാമിയയിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണെന്ന് റിതേഷ് ദേശ്മുഖ് പറഞ്ഞു. ഒരുതരത്തിലും അതിക്രമങ്ങളെയും പിന്തുണയ്ക്കുന്നില്ല. പോലീസിനെ കുറിച്ച്‌ നമുക്ക് അഭിമാനമുണ്ടായിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥി പ്രതിഷേധം നേരിടുന്നതില്‍ അവര്‍ പരാജയപ്പെട്ടെന്നും റിതേഷ് പറഞ്ഞു.

സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, അലംകൃത ശ്രീവാസ്തവ, അഭയ് ഡിയോള്‍, മനോജ് ബാജ്‌പേയ്, സോയ അക്തര്‍, കൊങ്കണ സെന്‍, സുധീര്‍ മിശ്ര, വിശാല്‍ ഭരദ്വാജ്, ജാവേദ് അക്തര്‍, രാകുല്‍പ്രീത് സിംഗ്, സഞ്ജയ് ഗുപ്ത, പരിനീതി ചോപ്ര, ഹുമ ഖുറേഷി, എന്നിവരും പ്രതിഷേധവുമായി രംഗത്തെത്തി. ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്തില്‍ സ്വന്തം പൗരന്‍മാര്‍ക്കെതിരെ അക്രമം നടക്കുന്നത് സങ്കടകരമാണ്. ഇത്തരം പ്രവര്‍ത്തികളെ അപലിക്കുന്നുവെന്നും സിദ്ധാര്‍ത്ഥ് മല്‍ഹോത്ര പറഞ്ഞു.