തിരുവനന്തപുരം: നടന്‍ ഷെയ്ന്‍ നിഗത്തിന്റെ സിനിമാ വിലക്കുമായി ബന്ധപ്പെട്ട വിഷയം ഉടന്‍ ചര്‍ച്ച ചെയ്യില്ലെന്ന് അഭിനേതാക്കളുടെ സംഘടനയായ അമ്മ അറിയിച്ചു. ഈ മാസം 22 ന് വിളിച്ചിരുന്ന അമ്മയുടെ എക്സിക്യുട്ടീവ് യോഗം മാറ്റിവച്ചു. യോഗം അന്ന് നടക്കില്ലെന്നാണ് ഭാരവാഹികള്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ സ്ഥലത്തില്ലാത്തതാണ് ഇതിന് കാരണം. യോഗം എന്ന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചിട്ടില്ല.

ഷെയ്ന്‍ വിഷയത്തിലെന്നല്ല, സിനിമയുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും പ്രശ്‌നപരിഹാരത്തിന് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍, ഷെയ്ന്‍ വിഷയത്തില്‍ അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം തീരുമാനം ഉണ്ടാകുമെന്നാണ് നേരത്തെ പറഞ്ഞത്. വിഷയത്തില്‍ ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കില്ലെന്ന് ഫെഫ്ക നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

എല്ലാ സംഘടനകളുടെയും വികാരങ്ങള്‍ മാനിച്ചായിരിക്കും തീരുമാനമെന്നും മോഹന്‍ലാല്‍ തിരിച്ചെത്തിയ ശേഷം നടന്‍ ഷെയ്ന്‍ നിഗത്തിന്റെ സിനിമാ വിലക്കുമായി ബന്ധപ്പെട്ട ഫെഫ്കയുടെ നിലപാട് തീരുമാനിക്കുമെന്നുമാണ് സംഘടന വ്യക്തമാക്കിയത്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രശ്നപരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു.