മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് രാത്രി ഒന്‍പത് മണി മുതല്‍ വെള്ളിയാഴ്‍ച രാത്രി 12 മണി വരെ മംഗളൂരു പൊലീസ് കമ്മീഷണറേറ്റ് പരിധിയിലാണ് നിരോധനാജ്ഞ. നിരവധി സംഘടനകള്‍ നഗരത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങുന്ന സാഹചര്യം കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്‌.

ഡിസംബര്‍ 16 ന് കാംപസ് ഫ്രണ്ട് പോലിസ് അനുമതി വാങ്ങാതെ റോഡ് ഉപരോധിച്ചത് പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കിയെന്ന് കാണിച്ചാണ് പോലിസ് നടപടി. മുന്‍കരുതല്‍ നടപടിയായി ഡിസംബര്‍ 18 രാത്രി 9.00 മുതല്‍ ഡിസംബര്‍ 20 അര്‍ദ്ധരാത്രി വരെ മംഗളൂരു സിറ്റി പോലിസ് കമ്മീഷണറേറ്റില്‍ 144 വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പോലിസ് കമ്മീഷണര്‍ ഡോ. ഹര്‍ഷ ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.

ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കെതിരായ പോലിസ് നടപടിയില്‍ പ്രതിഷേധിച്ച്‌ ഡിസംബര്‍ 16 ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ബല്‍മട്ടയ്ക്ക് സമീപം റോഡ് ഉപരോധിച്ചത്. വിവിധ സംഘടനകള്‍ ഡിസംബര്‍ 19 ന് പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നതായുള്ള രഹസ്യാന്വേഷണ വിവരത്തെത്തുടര്‍ന്നാണ് നടപടിയെന്നാണ് പോലിസ് ഭാഷ്യം.

അതേസമയം പൗരത്വ നിയമ ഭേദഗതിക്ക് എതിരായ വിദ്യാര്‍ഥി പ്രതിഷേധം തമിഴ്നാട്ടില്‍ വ്യാപകമാവുകയാണ്. മദ്രാസ് സര്‍വകലാശാലയ്ക്ക് പുറമെ ചെന്നൈയില്‍ മറ്റ് കോളേജുകളിലും അനിശ്ചിതകാല സമരം തുടങ്ങി. മദ്രാസ് സര്‍വകലാശാലയില്‍ എത്തിയ കമല്‍ ഹാസനെ പോലിസ് തടഞ്ഞിരുന്നു.