തൃശൂര്‍: കേരള വര്‍മ്മ കോളജില്‍ എബിവിപി പ്രവര്‍ത്തകരെ മര്‍ദിച്ച ഇരുപത് എസ്‌എഫ്‌ഐക്കാക്ക് എതിരെ പൊലീസ് കേസെടുത്തു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച്‌ സെമിനാര്‍ നടത്തിയ എബിവിപി പ്രവര്‍ത്തകരെയാണ് മര്‍ദിച്ചത്. രണ്ട് പേരെ പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ക്യാംപസില്‍ പൗരത്വ ബില്ലിനെ അനുകൂലിച്ച്‌ എബിവിപി പ്രവര്‍ത്തകര്‍ ക്യാംപസില്‍ സംവാദം സംഘടിപ്പിച്ചിരുന്നു. ഇത് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്ന് പ്രതീകാത്മകമായി ക്യാംപസിന് പുറത്ത് എബിവിപി പ്രവര്‍ത്തകര്‍ പരിപാടി സംഘടിപ്പിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം എസ്‌എഫ്‌ഐ എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെ സംഘര്‍ഷം.

എബിവിപി പ്രവര്‍ത്തകനെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. മര്‍ദ്ദനത്തിന് പിന്നാലെ എവിബിപി പ്രവര്‍ത്തകര്‍ ക്യാംപസില്‍ പ്രതിഷേധ പ്രവര്‍ത്തനം നടത്തി.