ദില്ലി: ജഡ്ജിക്ക് മുമ്ബില്‍ പൊട്ടിക്കരഞ്ഞ് നിര്‍ഭയയുടെ അമ്മ ആശാ ദേവി. ചെല്ലുന്നിടത്തെല്ലാം കുറ്റവാളികളുടെ അവകാശങ്ങളെക്കുറിച്ചാണ് എല്ലാവരും പറയുന്നത്. ഞങ്ങള്‍ക്കും അവകാശങ്ങളില്ലേ, ഞങ്ങളുടെ അവകാശങ്ങള്‍ എവിടെയെന്നും നിര്‍ഭയയുടെ അമ്മ ചോദിച്ചു. കേസിലെ നാല് പ്രതികളുടെ ശിക്ഷ നടപ്പിലാക്കുന്നത് വൈകുന്ന സാഹചര്യത്തിലാണ് പ്രതികരണം.

നിങ്ങളുടെ അവസ്ഥയില്‍ സഹതാപമുണ്ടെന്ന് പറഞ്ഞ ജഡ്ജി നിയമങ്ങള്‍ പാലിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്ന് മറുപടി പറഞ്ഞു. നിര്‍ഭയ കേസിലെ പ്രതികളുടെ മരണ വാറണ്ട് ഉടന്‍ പുറപ്പെടുവിക്കില്ല. മരണ വാറണ്ട് സംബന്ധിച്ച കേസ് ജനുവരി ഏഴിലേക്ക് മാറ്റി. പ്രതികള്‍ക്ക് പുതിയ നോട്ടീസ് നല്‍കാന്‍ തീഹാര്‍ ജയില്‍ അധികൃതരോട് കോടതി നിര്‍ദ്ദേശിച്ചു. പുന പരിശോധന ഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് ഉത്തരവ്.

പ്രതി അക്ഷയ് കുമാര്‍ താക്കൂര്‍ സമര്‍പ്പിച്ച പുന: പരിശോധനാ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. പുതിയ വാദങ്ങള്‍ പുന: പരിശോധനാ ഹര്‍ജിയില്‍ പുതിയ വാദങ്ങള്‍ ഉന്നയിക്കാന്‍ പ്രതിഭാഗത്ത് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. കോടതി വിധിക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കുമെന്ന് പ്രതിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. പ്രതിക്ക് വേണമെങ്കില്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിക്കാനും അവസരം ഉണ്ട്.

ദയാഹര്‍ജി സമര്‍പ്പിക്കാന്‍ മൂന്ന് ആഴ്ചത്തെ സമയമാണ് പ്രതിയുടെ അഭിഭാഷകന്‍ ചോദിച്ചത്. തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കി ശിക്ഷ നടപ്പിലാക്കുന്നത് പരമാവധി നീട്ടിക്കൊണ്ടുപോകാനാണ് പ്രതിഭാഗത്തിന്റെ നീക്കം. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് ദില്ലിയില്‍ ഓടുന്ന ബസില്‍ പീഡനത്തിന് ഇരയാക്കിയ നിര്‍ഭയ കൊല്ലപ്പെടുന്നത്.