ന്യൂജേഴ്‌സി: വിദേശ ഇന്ത്യക്കാർ ഓ. സി. ഐ. കാർഡ് പുതുക്കാഞ്ഞതിനാൽ അടുത്ത ദിവസങ്ങളിലായി എയർപോർട്ടിൽ കുടുങ്ങിയവർക്കും ഇനിയും യാത്ര ചെയ്യാനിരിക്കുന്നവര്ക്കും ആശ്വാസം പകർന്നുകൊണ്ട് ഹോം അഫയേഴ്‌സ് ഓഫ് ഇന്ത്യ ഉത്തരവു പുറപ്പെടുവിച്ചു.  ഫോമാ ഫൗണ്ടർ സെക്രട്ടറിയും അമേരിക്കൻ മലയാളികളുടെ പ്രശ്നങ്ങൾക്കുവേണ്ടി നിരന്തരമായി പ്രവർത്തിച്ചു വരുന്ന അമേരിക്കൻ മലയാളിയുമായ അനിയൻ ജോർജ്‌ സമയോചിതമായി സംഘടിപ്പിച്ച കമ്മിറ്റി അഹോരാത്രം പ്രവർത്തിച്ച ത്തിന്റെ ഫലമാണ് ഈ താത്കാലിക ആശ്വാസം ലഭിച്ചത്.

ജിബി തോമസ്, തോമസ് ടി. ഉമ്മൻ എന്നിവർ കോഓർഡിനേറ്റർമാരായിരുന്നു.  അവർക്കൊപ്പം പി. സി. മാത്യു (ഡാളസ്), ബിജു വര്ഗീസ് പോൾ കെ. ജോൺ, അലക്സ് തോമസ്, ജോസ് പുന്നൂസ്, ജോസ് മണക്കാട്ട്, വിശാഖ് ചെറിയൂർ, വിനോദ് കൊണ്ടൂർ, അനു സ്കറിയ, ജോർജു മേലേത്, ഡോ. ജയന്തി നായർ, സുനിൽ വര്ഗീസ്, സാജൻ മുലെപ്ലാക്കൽ മുതലായവർ അടങ്ങുന്ന കമ്മിറ്റി അംഗങ്ങൾ അമേരിക്കൻ മലയാളികളുടെ നിരന്തരമായ ചോദ്യങ്ങൾക്കു മറുപടി നൽകുകയും എം. പി. മാരായ എൻ. കെ. പ്രേമചന്ദ്രൻ, ആന്റോ ആന്റണി മുതലായവരുമായി ബന്ധപ്പെടുകയും വിദേശ വകുപ്പിൽ തത്സമയം പ്രശ്നങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.  മലയാളിയായ ബഹുമാനപ്പെട്ട വിദേശ കാര്യ സഹ വകുപ്പ് മന്ത്രി വി. മുരളീധരൻ ഇക്കാര്യത്തിൽ അഗാധമായി സഹായിച്ചത് എത്രയും പെട്ടെന്നുള്ള ഉത്തരവ് ലഭിക്കാൻ ഇടയായി. ഇന്ത്യയിൽ നിന്നും ജോണി കുരുവിള, അലക്സ് കോശി വിളനിലം മുതലായവരും ഈ ആവശ്യം നേടിയെടുക്കുവാൻ ക്രിയാത്മകമായി പ്രവർത്തിക്കുകയുണ്ടായി.

വിദേശ വകുപ്പിന്റെ ന്യൂ ഡൽഹിയിലുള്ള ഓഫീസിൽ നിന്നും പുറത്തിറക്കിയ (ഓഫീസ് മെമ്മോറാണ്ടം നമ്പർ . 26011/MISC/ 181 / 2019-OCI) ഉത്തരവിലാണ് ഈ വിവരം രേഖപ്പെടുത്തി എല്ലാ ഇന്ത്യൻ എംബസ്സികളിലേക്കും കോൺസുലേറ്റുകളിലേക്കും അയച്ചിരിക്കുന്നത്. ജൂൺ മുപ്പതു വരെ യാണ് നിലവിലുള്ള നിയമത്തിൽ താത്കാലികമായ ഇളവ് വരുത്തിയിരിക്കുന്നത്.

അമ്പതു വയസ്സിനു ശേഷം പാസ്പോര്ട് പുതുക്കിയപ്പോൾ ഓ.സി.ഐ. കാർഡ്  പുതുക്കാത്തവർക്കും ഇരുപതു വയസ്സിന് മുൻപ് പാസ്പോര്ട്ട് പുതുക്കിക്കിട്ടിയപ്പോൾ ഓ.സി.ഐ. പുതുക്കാത്തവർക്കും വേണ്ടിയാണ് ഉത്തരവ്. ഉത്തരവിൽ ഇങ്ങനെ തുടരുന്നു: ഓ. സി. ഐ. കാർഡ് പുതുക്കാഞ്ഞത് മൂലം ഉണ്ടായ യാത്ര ബുദ്ധിമുട്ടുകൾ താത്കാലികമായി ഒഴിവാക്കുന്നതിന് ജൂൺ മുപ്പതു വരെ ഇന്ത്യൻ മിഷനുകൾക്കു മിനിസ്ട്രി ഓഫ് എക്സ്റ്റേണൽ അഫയേഴ്‌സ് താത്കാലികമായി പുറപ്പെടുവിക്കുന്ന ഓർഡർ:

ഒന്ന്: പാസ്പോര്ട്ട് പുതുക്കിയപ്പോൾ ഓ.സി.ഐ. കാർഡ് പുതുക്കാത്ത ഇരുപത്‌ വയസ്സിനു താഴെയുള്ള വർ ജൂൺ മുപ്പതു വരെ ഓ. സി. ഐ. കാർഡിനോടൊപ്പം കയ്യിലുള്ള ഓ.സി.ഐ. കാർഡ് നമ്പർ രേഖപ്പെടുത്തിയ പഴയ പാസ്സ്പോർട്ടുമായി യാത്ര ചെയ്യാവുന്നതാണ്. (പുതിയ പാസ്പോര്ട് തീർച്ചയായും മറക്കാതെ കൂടെ കരുതിയിരിക്കണം)രണ്ട്: പാസ്പോര്ട്ട് പുതുക്കിയപ്പോൾ ഓ. സി. ഐ. കാർഡ് പുതുക്കാത്ത അൻപതു വയസ്സിനു മുകളിലുള്ളവർ  ജൂൺ മുപ്പതു വരെ ഓ. സി. ഐ. കാർഡിനോടൊപ്പം കയ്യിലുള്ള ഓ. സി. ഐ. കാർഡ് നമ്പർ രേഖപ്പെടുത്തിയ പഴയ പാസ്സ്പോർട്ടുമായി യാത്ര ചെയ്യാവുന്നതാണ് (പുതിയ പാസ്പോര്ട് തീർച്ചയായും മറക്കാതെ കൂടെ കരുതിയിരിക്കണം)

മുകളിൽ പറഞ്ഞ തരത്തിൽ ഓ. സി. ഐ. കാർഡുള്ളവർ നിലവിലുള്ള നിയമനുസരിച്ചു ഓ. സി. ഐ. കാർഡ് പുതുക്കേണ്ടതാണെന്നും ഈ ഉത്തരവ് ജൂൺ മുപ്പതു വരെ ഒരു ഇടക്കാല ആശ്വാസമായി കാണണമെന്നും മെമ്മോയിൽ ഓർപ്പിക്കുന്നു.

ജൂൺ പതിനേഴിന് സ്ഥിതി ഗതികൾ വിലയിരുത്തുവാൻ വിളിച്ചു കൂട്ടിയ കോൺഫറൻസ് കാൾ യോഗത്തിൽ തുടർന്നു ഓ. സി. ഐ. കാർഡ് പുതുക്കലിന് ഒരു ശാശ്വത പരിഹാരം കാണുവാൻ മുൻ കൈ എടുക്കണമെന്ന് അനിയൻ ജോർജ്, ജിബി തോമസ്, തോമസ് ടി. ഉമ്മൻ എന്നിവരോടും കമ്മിറ്റിയോടും ടെക്സസിനെ പ്രധിനിധികരിച്ച പി. സി. മാത്യു (ഡാളസ്) ആവശ്യപ്പെട്ടു.  തങ്ങൾ തുടങ്ങിവച്ച ഓൺലൈൻ മാസ് പെറ്റീഷൻ ഇരുപത്തി രണ്ടായിരം കവിഞ്ഞതായും തുടർന്നും പ്രസ്തുത കമ്മിറ്റി മുൻപോട്ടു തന്നെ പോകുമെന്നും നേതാക്കൾ വാഗ്ദാനം ചെയ്തു. പ്രസ്തുത ആക്‌ഷൻ കമ്മിറ്റിയുടെ സമയോചിതമായ ഇടപെടൽ അമേരിക്കൻ മലയാളികളായ യാത്രക്കാർക്ക് ആശ്വസമായി എന്ന് സിഗ്മ ട്രാവൽ ഉടമ സണ്ണി ജോസഫ് ഒരു ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു. ഡോ. ജയന്തി നായർ യോഗത്തിൽ വിദേശ വകുപ്പ് മന്ത്രിക്കും എം. പി. മാർക്കും കമ്മിറ്റി നേതാക്കൾക്കും ഇന്ത്യൻ കോൺസുലേറ്റുകൾക്കും പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.