ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി അക്ഷയ് സിംഗ് ഠാക്കൂറിന്റെ പുന:പരിശോധന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. രാവിലെ പത്തരയ്ക്ക് ആണ് ഹര്‍ജി പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ ആര്‍ ബാനുമതി, എഎസ് ബൊപ്പണ്ണ, അശോക് ഭൂഷണ്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. പുന:പരിശോധന ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ പിന്മാറിയിരുന്നു.

കേസില്‍ തന്റെ ബന്ധുവായ അഭിഭാഷകന്‍ അര്‍ജുന്‍ ബോബ്‌ഡേ ഹാജരായത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് പിന്മാറിയത്. നിര്‍ഭയ കേസില്‍ വധശിക്ഷ വിധിച്ചതില്‍ തെറ്റുണ്ടെന്ന് ആരോപിച്ചാണ് അക്ഷയ് സിംഗ് പുന:പരിശോധന ഹര്‍ജി നല്‍കിയത്. പലരാജ്യങ്ങളിലും വധശിക്ഷ റദ്ദാക്കിട്ടുണ്ടെന്നും ഇയാള്‍ ഹര്‍ജിയില്‍ പറഞ്ഞു.

അക്ഷയ് സിംഗ്, മുകേഷ് സിംഗ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവരാണ് നിര്‍ഭയ കേസില്‍ വധശിക്ഷ കാത്ത് കഴിയുന്ന പ്രതികള്‍. ഇവരില്‍ അക്ഷയ് സിംഗ് ഒഴികെയുള്ള പ്രതികള്‍ നല്‍കിയ പുന:പരിശോധന ഹര്‍ജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. മറ്റൊരു പ്രതിയായ വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി പിന്‍വലിച്ചതോടെ ഇയാളെ കഴിഞ്ഞയാഴ്ച തീഹാര്‍ ജയിലിലേക്ക് കൊണ്ടുവന്നിരുന്നു. ദില്ലിയിലെ മാണ്‍ഡൂലി ജയിലിലായിരുന്നു ഇയാളെ പാര്‍പ്പിച്ചിരുന്നത്.

2012 ഡിസംബര്‍ 16 ന് ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വച്ചാണ് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. മൃതപ്രായയായ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും പ്രതികള്‍ വഴിയില്‍ തള്ളുകയും ചെയ്തു. പിന്നീട് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരില്‍ കൊണ്ടുപോയെങ്കിലും രക്ഷപ്പെട്ടില്ല.