ആഭ്യന്തര ടൂറിസം സംബന്ധിച്ച സാധ്യതകളും ചെലവുകളും സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി സ്ഥിതി വിവരക്കണക്ക്, പദ്ധതി നിര്‍വഹണ മന്ത്രാലയത്തിന് കീഴിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് മുഖേന സര്‍വ്വേ നടത്തുന്നു. 2020 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ നടക്കുന്ന 78-ാമത് സാമൂഹിക സാമ്ബത്തിക സര്‍വ്വേയ്ക്ക് മുന്നോടിയായി ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന ക്യാമ്ബിന് തുടക്കമായി. സ്റ്റാച്യുവിലെ ഹോട്ടല്‍ മൗര്യ രാജധാനിയില്‍ നടക്കുന്ന ക്യാമ്ബ് കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സുനിത ഭാസ്‌കര്‍ ഉദ്ഘാടനം ചെയ്തു. ആഭ്യന്തര ടൂറിസ ചെലവുകളും വിവിധോദ്ദേശ സൂചികകളും സംബന്ധിച്ച വിവരങ്ങളാണ് സര്‍വ്വേയിലൂടെ ശേഖരിക്കുക.

ഗാര്‍ഹിക സ്വഭാവ സവിശേഷതകള്‍, സന്ദര്‍ശക സവിശേഷതകള്‍, ആഭ്യന്തര രാത്രികാല യാത്രകളുമായി ബന്ധപ്പെട്ട യാത്രാ സവിശേഷതകള്‍ എന്നീ വിവരങ്ങള്‍ ഇതോടൊപ്പം ശേഖരിക്കും. ടൂറിസം മന്ത്രാലയത്തിന് മൂന്നാം ടൂറിസം സാറ്റലൈറ്റ് അക്കൗണ്ട് തയ്യാറാക്കുന്നതിന് ഈ വിവരങ്ങള്‍ ഉപയോഗിക്കും. ആഭ്യന്തര ഏകദിന യാത്രാ ചെലവുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ടൂറിസ്റ്റ് ഗൈഡുകളുടെ സേവനം എന്നീ വിവരങ്ങളും വിശദമായി പരിശോധിക്കും.

ഈ ഘട്ടത്തില്‍ വിവിധോദ്ദേശ സൂചികകളെക്കുറിച്ചുള്ള സര്‍വ്വേയും നടത്തുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍-2030 നു വേണ്ട പ്രധാന സൂചികകള്‍ വികസിപ്പിക്കുന്നതിനായുള്ള വിവരശേഖരണമാണ് എം.ഐ.എസിന്റെ ലക്ഷ്യം. കുടിയേറ്റം, 2014-15 മുതലുള്ള നഗര ഭവന നിര്‍മ്മാണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച്‌ ഭവന നഗരകാര്യ മന്ത്രാലയത്തിന് സമര്‍പ്പിക്കും. ഇതു കൂടാതെ പൊതുമാധ്യമ ലഭ്യത, ജനന മരണ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ ലഭ്യത എന്നീ വിവരങ്ങളും സര്‍വ്വേയിലൂടെ ശേഖരിക്കുന്നു.

വിവരശേഖരണത്തിന് ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്നതിനായാണ് നാല് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 20ന് നടക്കുന്ന സമാപന സമ്മേളനം സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എന്‍.എസ്.ഒയുടെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി ഓഫീസുകളിലെ ഉദ്യോഗസ്ഥരും ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സിലെ ഉദ്യോഗസ്ഥരും പരിശീലന ക്യാമ്ബിലെ ഉദ്യോഗസ്ഥരും ക്യമ്ബില്‍ പങ്കെടുത്തു. അസിസ്റ്റന്റ് ഡയറക്ടര്‍ മഞ്ജു മേരി പോള്‍, ജോയിന്റ് ഡയറക്ടര്‍ മുഹമ്മദ് യാസിര്‍ എഫ്. എന്നിവര്‍ സംസാരിച്ചു.