കാസര്‍കോട്: മേലുദ്യോഗസ്ഥന്‍ ഭര്‍ത്താക്കന്‍മാരെ മാനസികമായി പീഡിപ്പിക്കുന്നതായാരോപിച്ച്‌ 12 പോലീസ് ഉദ്യോഗസ്ഥരുടെ ഭാര്യമാര്‍ വനിതാ കമ്മിഷനില്‍. കാസര്‍കോട് പോലീസിലെ വാര്‍ത്താവിനിമയവിഭാഗം ഇന്‍സ്പെക്ടര്‍ക്കെതിരേയാണ് പരാതി നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച തെളിവെടുപ്പിന് ഹാജരാകാന്‍ ഇന്‍സ്പെക്ടര്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും ഹാജരായില്ല. ഇതോടെ ജനുവരി 24-ന് നടക്കുന്ന അടുത്ത സിറ്റിങ്ങില്‍ ഹാജരാകാന്‍ ഇന്‍സ്പെക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഓഫീസില്‍ എസ്.ഐ.മാരും സിവില്‍ പോലീസ് ഓഫീസര്‍മാരുമായി 28 ജീവനക്കാരാണുള്ളത്. ഇതില്‍ 12 പേരുടെ ഭാര്യമാരാണ് പരാതി നല്‍കിയത്.

ഭര്‍തൃപിതാവ് കുഴഞ്ഞുവീണതായി വിവരമറിയിച്ചിട്ടും ഭര്‍ത്താവിനെ വീട്ടില്‍പ്പോകാനനുവദിച്ചില്ലെന്നും സമയത്തിന് ആസ്പത്രിയിലെത്തിക്കാന്‍ കഴിയാഞ്ഞതിനാല്‍ ഭര്‍തൃപിതാവ് മരിച്ചെന്നും ഒരാള്‍ മൊഴിനല്‍കി. പീഡനം സഹിക്കാനാകാതെ രണ്ടുപേര്‍ സ്ഥലംമാറ്റംവാങ്ങി പോയി. ജോലികഴിഞ്ഞ് വീട്ടില്‍ വന്നാലും ഭര്‍ത്താക്കന്‍മാര്‍ കടുത്ത വിഷാദത്തിലാണ്. ഉറക്കമില്ലായ്മയുണ്ട്. ഉറക്കത്തില്‍ ഞെട്ടിയെഴുന്നേല്‍ക്കുന്നതും പതിവാണെന്നും ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.