പാറശാല: കൂട്ടുകാരിക്കൊപ്പം സ്കൂട്ടറില്‍ യാത്രചെയ്ത യുവതി കെഎസ്‌ആര്‍ടിസി ബസിന് അടിയില്‍പ്പെട്ട് മരിച്ചു . ഉദിയന്‍കുളങ്ങര അഴകിക്കോണം ലക്ഷ്മിസദനത്തില്‍ പരേതനായ ഹരികുമാറിന്‍െറ ഭാര്യ ജലജകുമാരി(38) ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് പാറശാല താലൂക്ക് ആശുപത്രിയുടെ പ്രധാന ഗേറ്റിന് മുന്നിലാണ് അപകടം. പാറശാലയിലുള്ള സ്വകാര്യ ബാങ്കില്‍ ഭര്‍ത്താവിന്റെ പേരിലുള്ള വായ്പ ഇളവ് ചെയ്ത് നല്‍കുന്നതിന് മരണസര്‍ട്ടിഫിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു ജലജകുമാരി.

പാറശാല നിന്നും ഉദിയന്‍കുളങ്ങരയിലേക്ക് വരികയായിരുന്ന സ്കൂട്ടര്‍ പിന്നില്‍ നിന്ന് മറികടന്നെത്തിയ ബസിന്റെ വശത്ത് ഇടിച്ച്‌ യാത്രക്കാര്‍ മറിഞ്ഞ് വീഴുകയായിരുന്നു. ബസിനടിയില്‍പ്പെട്ട ജലജകുമാരിയുടെ തലയിലുടെ പിന്‍ചക്രം കയറിയിറങ്ങി തല്‍ക്ഷണം മരിക്കുകയായിരുന്നു.

അതേസമയം സ്കൂട്ടര്‍ ഒ‍ാടിച്ചിരുന്ന ധനുവച്ചപുരം സ്വദേശി തുഷാര(34)യുടെ കാലിന് പരുക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.