ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുമ്ബോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത വാര്‍ത്താ സമ്മേളനം വിളിച്ചു. സീതാറാം യെച്ചൂരി, ഡി. രാജ, ഗുലാം നബി ആസാദ്, കപില്‍ സിബല്‍ എന്നിവരാണ് വാര്‍ത്താ സമ്മേളനം നടത്തിയത്. നാളെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട് പ്രതിഷേധം അറിയിക്കും. വൈകിട്ട് നാല് മണിക്കാണ് കൂടിക്കാഴ്ച. ഇന്ന് വൈകിട്ട് നടത്താനിരുന്ന കൂടിക്കാഴ്ച നാളെത്തേക്ക് മാറ്റുകയായിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ സര്‍വകലാശാലയില്‍ കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങള്‍ അപലപനീയമാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അനുവാദം ഇല്ലാതെ ക്യാമ്ബസുകളില്‍ കയറാന്‍ പോലീസിന് അധികാരമില്ല. ഉന്നത വിദ്യാഭാസ മേഖലയെ തകര്‍ക്കാനുള്ള ശ്രമം കൂടിയാണ് ഇപ്പോള്‍ നടക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തില്‍ ഹിന്ദു-മുസ്ലീം പ്രശ്‌നങ്ങളില്ല. മറിച്ച്‌ ഭരണഘടനാ പ്രശ്‌നങ്ങളാണെന്നും യെച്ചൂരി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവരെല്ലം രാജ്യദ്രോഹികളാണെന്നാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നത്. എന്നാല്‍ തങ്ങള്‍ ഭരണഘടനയെയാണ് പിന്തുടരുന്നതെന്നും രാഷ്ട്രപതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജാമിയ ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ ബോധിപ്പിക്കുമെന്നും പൊതുമുതല്‍ നശിപ്പിച്ചുകൊണ്ടുള്ള അക്രമങ്ങളെ അംഗീകരിക്കില്ലെന്നും സമാധാനപരമായ പ്രതിഷേധം നയിക്കണമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

ജാമിയയില്‍ നടന്ന അക്രമങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. പോലീസ് സര്‍വകലാശാലയുടെ ലൈബ്രറികളിലും ശുചിമുറികളിലും വരെ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. പെണ്‍കുട്ടികളെ പോലും മര്‍ദ്ദിച്ചു. ഇതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണെന്നും അമദ്ദഹം പറഞ്ഞു.