കോണ്‍ഗ്രസ്‌ ദേശീയ തലത്തില്‍ പുന:സംഘടനയ്ക്കൊരുങ്ങുകയാണ്. പ്രവര്‍ത്തക സമിതില്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തുന്നതിനാണ് പാര്‍ട്ടിയില്‍ ആലോചന നടക്കുന്നത്.

കൂടുതല്‍ പുതുമുഖങ്ങളെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തുന്നതോടൊപ്പം പാര്‍ട്ടിയുടെ താഴെ തട്ടിലും മാറ്റം വരുത്തും. പാര്‍ട്ടിയെ കൂടുതല്‍ സജീവമാക്കുന്നതിനാണ് കോണ്‍ഗ്രസ്‌ ശ്രമം.

ജനുവരിയില്‍ രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചനകള്‍ . ഇതോടൊപ്പം തന്നെ മറ്റ് ഭാരവാഹികളുടെ കാര്യത്തിലും മാറ്റമുണ്ടാകും.

കേരളത്തില്‍ നിന്നും എഐസിസി ജനറല്‍ സെക്രട്ടറിയായി കെ.മുരളീധരന്‍ എംപി കടന്നുവരുന്നതിനാണ് സാധ്യത . കെപിസിസി മുന്‍ അദ്ധ്യക്ഷന്‍ വി.എം സുധീരന്‍ പ്രവര്‍ത്തക സമിതി അംഗമാകുമെന്നാണ് അറിയുന്നത്.

അതേ സമയം നിലവിലെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന് എഐസിസി ജനറല്‍ സെക്രട്ടറിയായി കെ മുരളീധരന്‍ വരുന്നതില്‍ എതിര്‍പ്പുണ്ടെന്നാണ് സൂചനകള്‍.

അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമാകും തീരുമാനമുണ്ടാകുക. നേരത്തെ രാജസ്ഥാനിലെ ഉദയ്പൂരില്‍ ഡിസംബര്‍ മാസത്തിലാണ് എഐസിസി സമ്മേളനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പാര്‍ലമെന്‍റ് സമ്മേളനവും ക്രിസ്മസ് ആഘോഷവും കണക്കിലെടുത്ത് ഇത് മാറ്റുകയായിരുന്നു.

ജനുവരിയില്‍ എഐസിസി സമ്മേളനം നടത്തുന്നതിനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ്‌ നടത്തുകയാണ് . ഈ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി വരുന്നതിനോപ്പം പാര്‍ട്ടി നേതൃനിരയിലും മാറ്റമുണ്ടാകും.