കൊച്ചി:പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച്‌ മണിപ്പുര്‍ ഗവര്‍ണര്‍ നജ്മ ഹെപ്ത്തുള്ളയെ ആലുവയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചു. ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി ഇന്നലെ വൈകീട്ടാണ് നജ്മ ഹെപ്ത്തുള്ള കേരളത്തിലെത്തിയത്. രാവിലെ ആലുവ പാലസില്‍നിന്ന് ലക്ഷദ്വീപിലേക്ക് പോകും വഴിയാണ് ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്.

കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉടന്‍ തന്നെ ബലംപ്രയോഗിച്ച്‌ അറസ്റ്റ് ചെയ്ത് നീക്കി. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് മണിപ്പുര്‍ സര്‍ക്കാരോ മണിപ്പുരിലെ ജനങ്ങളോ നിലവില്‍ പൗരത്വ നിമയവുമായി ബന്ധപ്പെട്ട് എതിര്‍പ്പ് ഉന്നയിക്കുന്നില്ല എന്ന പ്രതികരണം മാത്രമാണ് ഗവര്‍ണര്‍ നല്‍കിയത്. മറ്റു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ താന്‍ അഭിപ്രായം പറയുന്നില്ലെന്നും നജ്മ ഹെപ്ത്തുള്ള പറഞ്ഞു.