തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത വര്‍ഷം ഡെങ്കിപ്പനി പടരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കാലാവസ്ഥാവ്യതിയാനവും വൈറസുകളുടെ തുടര്‍ച്ചയായ ആക്രമണ സ്വഭാവവും കണക്കിലെടുത്താണ് ആരോഗ്യവകുപ്പ് വരും വര്‍ഷം കേരളത്തില്‍ ഡെങ്കിപ്പനി മുന്നറിയിപ്പ് നല്‍കുന്നത്.

ഡിസംബര്‍ ആദ്യം മുതല്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ഡെങ്കിയും വൈറല്‍പ്പനികളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 2020 ല്‍ ഡെങ്കി പടരാനുള്ള സാധ്യതാറിപ്പോര്‍ട്ടുകളെ ശരിവയ്ക്കുന്നതാണെന്ന് വ്യക്തമാക്കുന്നു. 2017ല്‍ ഡെങ്കിപ്പനി വ്യാപകമായമായി പടര്‍ന്നു പിടിച്ചിരുന്നു. ഈ പ്രദേശങ്ങളില്‍ മൂന്ന് വര്‍ഷം കഴിയുമ്ബോള്‍ വീണ്ടും ഡെങ്കി പടരാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഡെങ്കി മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പകര്‍ച്ചപ്പനി പ്രതിരോധം ഊര്‍ജിതമാക്കി. മുമ്ബ് പകര്‍ച്ചപ്പന രൂക്ഷമായ സ്ഥലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. മരുന്നുലഭ്യത ഉറപ്പാക്കാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനും നിര്‍ദേശം നല്‍കി. പരിസരശുചീകരണവും കൊതുക് നിവാരണവും ജനകീയ സഹകരണത്തോടെ നടത്തണമെന്ന് നിര്‍ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു.