കൊച്ചി: രാജ്യമെങ്ങും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം കത്തിപ്പടരുകയാണ്. ഇതിനിടെ പ്രതിഷേധങ്ങള്‍ അക്രമാസക്തമാകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

ജനാധിപത്യ രീതിയില്‍ വിയോജിക്കാനും പ്രതിഷേധിക്കാനും അവകാശം എല്ലാവര്‍ക്കും ഉണ്ട്. എന്നാല്‍ നിയമം കൈയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശം ഇല്ല. അക്രമം ഒന്നിനും പരിഹാരമല്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

സംഘടനകള്‍ക്ക് വിയോജിപ്പ് അറിയിക്കാം. രാജ്ഭവന്റെ വാതിലുകള്‍ തുറന്ന് തന്നെ കിടക്കും. ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ അത് കേള്‍ക്കാനും ചര്‍ച്ച ചെയ്യാനും താന്‍ തയ്യാറാണെന്നും ഗവര്‍ണര്‍ പറഞ്ഞു. അക്രമത്തിലേക്ക് പ്രതിഷേധങ്ങള്‍ പോയാല്‍ ബാധിക്കുന്നത് സാമാന്യ ജനവിഭാഗങ്ങളെയാണ്. അതുകൊണ്ട് തന്നെ അക്രമങ്ങളെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. അക്രമമുണ്ടായാല്‍ നിയന്ത്രിക്കുക എന്നത് പോലീസിന്റെ ഉത്തരവാദിത്തമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ കഴിഞ്ഞ ദിവസവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയിരുന്നു. കേന്ദ്ര നിയമം നടപ്പാക്കില്ലെന്ന് പറയാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ലെന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം. കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായാണ് ഗവര്‍ണര്‍ സംസാരിക്കുന്നതെന്നും സംസ്ഥാനം ഭരിക്കുന്നവര്‍ക്ക് വ്യത്യസ്ത സമീപനമാണെന്നും വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക് അടക്കമുള്ളവര്‍ ഗവര്‍ണര്‍ക്കെതിരെ പ്രവതികരിക്കുകയും ചെയ്തിരുന്നു.