ഇസ്ലാമാബാദ്: ലാഹോറിനും വാഗാ റെയില്‍വേ സ്‌റ്റേഷനും ഇടയിലുള്ള ഷട്ടില്‍ ട്രെയിന്‍ സര്‍വീസ് 22 വര്‍ഷത്തിന് ശേഷം പുനരാരംഭിച്ചു. ഞായറാഴ്ചയാണ് സര്‍വീസുകള്‍ പുനരാരംഭിച്ചത്. 1997ലാണ് സുരക്ഷ പ്രശ്‌നങ്ങള്‍ കാരണം ലാഹോറിനും വാഗാ ബോര്‍ഡറിനും ഇടയിലുളള ഷട്ടില്‍ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയത്.
വാഗാ ബോര്‍ഡറില്‍ നടക്കുന്ന ഇരു രാജ്യങ്ങളുടെയും പാതക ഉയര്‍ത്തല്‍, താഴ്ത്തല്‍ ചടങ്ങുകള്‍ കാണാന്‍ വരുന്ന സന്ദര്‍ശകര്‍ക്ക് ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചത് പ്രയോജനകരമാകും.
ആയിരത്തിലധികം യാത്രക്കാരാണ് ട്രെയിനില്‍ യാത്ര ചെയ്തതെന്നും മൂന്ന് സര്‍വീസുകള്‍ പൂര്‍ത്തിയാക്കിയതായും അധികൃതര്‍ അറിയിച്ചു. അടുത്ത 15 ദിവസത്തിനുള്ളില്‍ ലാഹോറില്‍ നിന്ന് റൈവിന്ദിലേക്കുള്ള ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് പാകിസ്ഥാന്‍ റെയില്‍വേ മന്ത്രി ഷെയ്ഖ് റാഷിദ് പറഞ്ഞു.