ബെയ്ജിങ്: അമേരിക്കന്‍ ഉല്പന്നങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് ചൈന പിന്‍മാറി. ഞായറാഴ്ച മുതല്‍ പുതിയ നികുതി നിരക്കുകള്‍ നിലവില്‍ വരുമെന്നായിരുന്നു നേരത്തെ ചൈന പ്രഖ്യാപിച്ചിരുന്നത്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ യുദ്ധം പുതിയ വഴിത്തിരിവില്‍ എത്തി.

യുഎസ് ഇറക്കുമതികളില്‍ 5 മുതല്‍ 10 ശതമാനം വരെ ഏര്‍പ്പെടുത്തിയിരുന്ന നികുതിയാണ് നിര്‍ത്തിവച്ചത്. യുഎസ് നിര്‍മിത ഓട്ടോകള്‍, സ്‌പെയര്‍ പാര്‍ട്‌സ് എന്നിവയുടെ അധിക നികുതി നിര്‍ത്തിവച്ചിരിക്കുന്നത് തുടരുമെന്നും ചൈനീസ് ധനമന്ത്രാലയം അറിയിച്ചു.

ചൈനീസ് ഉത്പ്പന്നങ്ങള്‍ക്ക് യുഎസ് ഏര്‍പ്പെടുത്തിയിരുന്ന നികുതി റദ്ദാക്കിയതിനു പിന്നാലെയാണ് ചൈനയുടെ നീക്കം. അമേരിക്കയില്‍ നിന്ന് വന്‍തോതില്‍ ഉത്പ്പന്നങ്ങള്‍ ചെെന വാങ്ങുമെന്ന ഉറപ്പിലാണ് ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പിടാന്‍ ധാരണയായത്. 20 മാസമായി തുടരുന്ന തര്‍ക്കം പരിഹരിക്കാന്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നടന്ന അനുരഞ്ജന ശ്രമത്തിന്റെ ഭാഗമായാണിത്.

ലോകത്തെ രണ്ട് വന്‍ സാമ്ബത്തിക ശക്തികള്‍ തമ്മില്‍ തുടര്‍ന്ന് വന്ന വന്‍ വാണിജ്യ പ്രക്ഷോഭമാണ് ഇതോടെ നിര്‍ണായക ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്ന 16000കോടി ഡോളറിന്റെ ഉല്പന്നങ്ങള്‍ക്ക് 15ശതമാനം നികുതി ചുമത്തുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇതില്‍ അമേരിക്കയുടെ ജനപ്രിയ ഇലക്‌ട്രോണിക്, വസ്ത്ര ഉല്പന്നങ്ങളും ഉള്‍പ്പെട്ടിരുന്നു.