തിരുവനന്തപുരം: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡിസംബര്‍ 17ന് വിവിധ സംഘടനകള്‍ നടത്താനിരുന്ന ഹര്‍ത്താലിന് തിരിച്ചടി. ചൊവ്വാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താല്‍ നിയമ വിരുദ്ധമാണെന്ന് പൊലീസ് വ്യക്തമാക്കി. ഹര്‍ത്താല്‍ നടത്താനുദ്ദേശിക്കുന്ന സംഘടന ഏഴ് ദിവസം മുന്നേ നോട്ടീസ് തരണമെന്നാണ് ഹൈക്കോടതി ഉത്തരവ്. അത്തരത്തില്‍ ഒരു സംഘടനയും അറിയിപ്പ് നല്‍കിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. വാര്‍ത്താക്കുറിപ്പിലൂടെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.

വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള സംയുക്ത ഹര്‍ത്താല്‍ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നുണ്ടെങ്കിലും അത്തരത്തിലുള്ള യാതൊരു നോട്ടീസും കിട്ടിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. നിയമവിരുദ്ധമായി ഹര്‍ത്താല്‍ നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും എല്ലാ ജില്ലകളിലെയും പൊലീസ് മേധാവിമാര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

എസ്‍.ഡി.പി.ഐ, ബി.എസ്‍.പി, എസ്.ഐ.ഒ എന്നീ സംഘടനകളാണ് നിലവില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാല്‍ പ്രമുഖ മുസ്ലിം സംഘടനകളെല്ലാം ഈ ഹര്‍ത്താലിന് പിന്തുണയില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി അസോസിയേഷനും വ്യക്തമാക്കി. സിപിഎമ്മും ഹര്‍ത്താലിന് എതിരാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം രാജ്യത്ത് ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.