തിരുവനന്തപുരം: ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകള്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്റെ ഭാഗമായുള്ള വിധവാ പെന്‍ഷന്‍ ഇനി കിട്ടില്ല. ഭര്‍ത്താവ് മരിക്കുകയോ ഏഴു വര്‍ഷമായി ഭര്‍ത്താവിനെ കാണാതാവുകയോ ചെയ്തെങ്കില്‍ മാത്രം വിധവാ പെന്‍ഷന്‍ നല്‍കിയാല്‍ മതിയെന്നു വ്യക്തമാക്കി ധനകാര്യ വകുപ്പ് ഉത്തരവിറക്കി. സാമ്ബത്തിക പ്രതിസന്ധി കാരണമാണ് പെന്‍ഷന്‍ അര്‍ഹത വെട്ടിച്ചുരുക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

വിധവയല്ലാതെ, ഭര്‍ത്താവില്‍ നിന്ന് അകന്നു കഴിയുന്നവര്‍ക്കോ വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍ക്കോ പെന്‍ഷന്‍ നല്‍കരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്. പുതിയ പെന്‍ഷന്‍ അപേക്ഷകള്‍ക്കു മാത്രമല്ല, നിലവില്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും ഇത് ബാധകമാണ്. അതായത്, നിലവില്‍ പെന്‍ഷന്‍ കിട്ടുന്ന ഭര്‍ത്താവുപേക്ഷിച്ച സ്ത്രീകള്‍ക്ക് ഇനി വിധവാ പെന്‍ഷന് അര്‍ഹതയുണ്ടാവില്ല. ഏഴു വര്‍ഷമായി ഭര്‍ത്താവിനെ കാണാനില്ലാത്തവരുടെ കാര്യത്തില്‍ റവന്യൂ അധികൃതര്‍ നല്‍കുന്ന വിധവാ സര്‍ട്ടിഫിക്കറ്റി ന്റെ അടിസ്ഥാനത്തില്‍ മാത്രമേ പെന്‍ഷന്‍ അനുവദിക്കാവൂ.

വിധവാ പെന്‍ഷന്‍ വാങ്ങുന്നവരുടെ കാര്യത്തില്‍ ഭര്‍ത്താവിന്റ മരണ സര്‍ട്ടിഫിക്കറ്ര് നമ്ബര്‍, തീയതി, സര്‍ട്ടിഫിക്കറ്ര് നല്‍കിയ തദ്ദേശസ്ഥാപനത്തിന്റെ വിവരങ്ങള്‍ എന്നിവ സേവന സോഫ്‌ട് വെയറില്‍ രേഖപ്പെടുത്തണം. ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകളില്‍ മിക്കവരും ദിവസച്ചെലവിനു പോലും ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ പുതിയ ഉത്തരവ് ഇവരെ ദുരിതത്തിലാക്കും.