ന്യൂഡല്‍ഹി∙ പാകിസ്ഥാനില്‍ നിര്‍ബന്ധിത മതം മാറ്റം ഉള്‍പ്പെടെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെ ഐക്യരാഷ്‌ട്ര വനിതാ കമ്മിഷന്‍ രൂക്ഷമായി വിമര്‍ശിച്ചു.

ന്യൂനപക്ഷങ്ങളെ ആക്രമിക്കാനുള്ള ഭൂരിപക്ഷ മാനസികാവസ്ഥയെ

വിവേചനപരമായ നിയമത്തിലൂടെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് യു. എന്നിലെ സ്റ്റാറ്റസ് ഓഫ് വിമന്‍ കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂനപക്ഷങ്ങളായ ക്രിസ്ത്യന്‍, ഹിന്ദു സമുദായങ്ങള്‍ ദുരിതത്തിലാണ്. സ്ത്രീകളും കുട്ടികളുമാണ് ബുദ്ധിമുട്ടിലാകുന്നത്. നൂറു കണക്കിനു യുവതികളാണ് മതം മാറി മുംസ്ലീം യുവാക്കളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതരാകുന്നത്. പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലാണ് ഇത് രൂക്ഷം. ഇതില്‍ ഭൂരിഭാഗവും18 വയസ് തികയാത്തവരാണ്. വിദ്യാഭ്യാസവും സമ്ബത്തും കുറഞ്ഞതാണ് ഇവരെ ലക്ഷ്യമിടാന്‍ കാരണം. പെണ്‍കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും വലിയ ഭീഷണി നേരിടേണ്ടിവരുന്നു.

ന്യൂനപക്ഷങ്ങളിലെ ഇരകളോടു പാക്കിസ്ഥാനിലെ നിയമവും പൊലീസും വിവേചനപരമായാണു പെരുമാറുന്നത്.

ന്യൂനപക്ഷങ്ങളെ പാകിസ്ഥാനില്‍ രണ്ടാംനിര പൗരന്മാരായി കണക്കാക്കുന്നതിന് ഉദാഹരണങ്ങളും റിപ്പോര്‍ട്ടിലുണ്ട്. 2019 മേയില്‍ സിന്ധില്‍ ഹിന്ദുവായ ഡോക്ടറുടെ ക്ലിനിക്കിനു ജനങ്ങള്‍ തീയിട്ടിരുന്നു. മതഗ്രന്ഥത്തിലെ കടലാസില്‍ മരുന്നു പൊതിഞ്ഞെന്ന് ആരോപിച്ചായിരുന്നു അക്രമം. ഇതില്‍ പ്രദേശത്തെ മതന്യൂനപക്ഷങ്ങളുടെ കടകളെല്ലാം കത്തിച്ചു. പാക്കിസ്ഥാനിലെ ‘ദൈവനിന്ദാ നിയമങ്ങള്‍’ ന്യൂനപക്ഷങ്ങള്‍ക്കെതിരെ കള്ളക്കേസുകളുണ്ടാക്കി ദ്രോഹിക്കാന്‍ ഉപയോഗിക്കുന്നു. ദൈവനിന്ദ ആരോപിച്ച്‌ ജനങ്ങള്‍ തന്നെ നിയമം കൈയിലെടുത്തു പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

ന്യൂനപക്ഷ വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് സഹപാഠികളില്‍ നിന്നും അദ്ധ്യാപകരില്‍‌ നിന്നും സ്ഥിരമായി ശാരീരികമായും മാനസികമായും അപമാനങ്ങള്‍ ഉണ്ടാകുന്നു. പാക്കിസ്ഥാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കടുത്ത ഭീഷണിക്കും അക്രമങ്ങള്‍ക്കും നടുവിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.