മുംബൈ: സവര്‍ക്കര്‍ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച്‌ എന്‍സിപി നേതാവ് ഛഗന്‍ ഭുജ്ബല്‍. വിവാദ പരാമര്‍ശത്തില്‍ എന്‍സിപി ആദ്യമായിട്ടാണ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ശിവസേനയെ പ്രത്യക്ഷത്തില്‍ തള്ളുന്ന നിലപാടാണ് എന്‍സിപി എടുത്തിരിക്കുന്നത്. അതേസമയം ബിജെപിയടക്കമുള്ളവര്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിക്കുന്നതിനിടെയാണ് എന്‍സിപി പിന്തുണയുമായി എത്തിയിരിക്കുന്നത്.

ഇത്തരം ആളുകളെ കുറിച്ച്‌ പറയുമ്ബോള്‍ എല്ലാ കാര്യങ്ങളും എല്ലാവര്‍ക്കും അംഗീകരിക്കാനാവില്ല. രാഹുല്‍ ഗാന്ധിക്ക് സവര്‍ക്കറെ കുറിച്ച്‌ സ്വന്തമായി അഭിപ്രായമുണ്ടാകുമെന്നും ഭുജ്ബല്‍ പറഞ്ഞു. സവര്‍ക്കറുടെ ചില നിലപാടുകള്‍ ബിജെപി അംഗീകരിക്കാന്‍ സാധിക്കുമോ എന്നും ഭുജ്ബല്‍ ചോദിച്ചു. സവര്‍ക്കര്‍ പറഞ്ഞത് പശു നമ്മുടെ അമ്മയല്ലെന്നാണ്. എന്നാല്‍ ബിജെപി പറയുന്നത് പശു നമ്മുടെ അമ്മയാണെന്നാണ്. സവര്‍ക്കര്‍ ശാസ്ത്രവാദിയായിരുന്നു. എന്നാല്‍ ബിജെപി അതിനെ അംഗീകരിക്കുന്നില്ലെന്നും ഭുജ്ബല്‍ പറഞ്ഞു.

അതേസമയം നിര്‍ണായക സമയത്താണ് എന്‍സിപി കോണ്‍ഗ്രസിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. നേരത്തെ റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പുപറയാന്‍ താന്‍ രാഹുല്‍ സവര്‍ക്കറല്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. നേരത്തെ ശിവസേന രാഹുലിന്റെ നിലപാടുകളെ തള്ളിയിരുന്നു. സവര്‍ക്കര്‍ മഹാരാഷ്ട്രയുടെ മാത്രമല്ല രാജ്യത്തിന്റെ തന്നെ ധീരപുരുഷനാണെന്ന് ശിവസേന പറഞ്ഞിരുന്നു.

ഇതിനിടെ സവര്‍ക്കര്‍ പരാമര്‍ശം മഹാസഖ്യത്തെ ബാധിക്കില്ലെന്ന് അജിത് പവാര്‍ പറഞ്ഞു. ഉദ്ധവ് താക്കറെ, സോണിയാ ഗാന്ധി, ശരത് പവാര്‍ എന്നിവര്‍ പക്വതയുള്ളവരാണെന്നും, എന്ത് ചെയ്യണമെന്ന് അവര്‍ക്ക് നന്നായി അറിയാമെന്നും അജിത് പവാര്‍ പറഞ്ഞു. അതേസമയം സവര്‍ക്കറെ അപമാനിച്ചതിന് രാഹുല്‍ ഗാന്ധിക്കെതിരെ സര്‍ക്കാര്‍ ക്രിമിനല്‍ കേസ് എടുക്കണമെന്ന് പേരമകന്‍ രഞ്ജിത്ത് സവര്‍ക്കര്‍ ആവശ്യപ്പെട്ടു. രാഹുലിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും രഞ്ജിത്ത് പറഞ്ഞു.