കാഠ്മണ്ഡു: നേപ്പാള്‍ സിന്ധുപാല്‍ ചോക്കിലുണ്ടായ ബസപകടത്തില്‍ മൂന്നുകുട്ടികളടക്കം 14 പേര്‍ മരിച്ചു. ഡൊലാക്ക ജില്ലയിലെ കലിന്‍ചോക്കില്‍ നിന്ന് ഭക്തപുറിലേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.

നിയന്ത്രണംവിട്ട ബസ് 100 മീറ്റര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. മരിച്ചവരെ ഇനിയും തിരിച്ചറിയാനായിട്ടില്ലെന്ന് പോലീസ് ഇന്‍സ്പെക്ടര്‍ നവരാജ് ന്യൂപാനെ അറിയിച്ചു.

പണി പൂര്‍ത്തിയാകാത്ത റോഡരികില്‍ കൂടി അമിതവേഗതയില്‍ ബസോടിച്ചതാണ് അപകടകാരണമെന്ന് പോലീസ് പറയുന്നു. അപകട സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ബസ് ഡ്രൈവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
ഈ വര്‍ഷം നേപ്പാളില്‍ ഉണ്ടായ രണ്ടാമത്തെ പ്രധാന അപകടമാണിത്. കഴിഞ്ഞ നവംബറില്‍ നേപ്പാളിലെ സുന്‍കോന്‍ഷി നദിയിലേക്ക് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 17 പേര്‍ മരിച്ചിരുന്നു.