മലയാളത്തില്‍ വില്ലനായും സഹനടനായും തിളങ്ങിയിട്ടുളള താരമാണ് സന്തോഷ് ജോഗി. രാജമാണിക്യം എന്ന ചിത്രത്തിലൂടെ തുടങ്ങിയ താരം ഷാഫി സംവിധാനം ചെയ്ത മായാവി എന്ന ചിത്രത്തിലും ശ്രദ്ധേയ വേഷത്തില്‍ എത്തിയിരുന്നു. 2010ലായിരുന്നു അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. സന്തോഷ് ജോഗിയെക്കുറിച്ച്‌ അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സംവിധായകന്‍ ഷാഫി മനസു തുറന്നിരുന്നു.

സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഒരു നടന്‍ മാത്രമല്ല. സന്തോഷ് ജോഗി നല്ലൊര എഴുത്തുകാരന്‍ കൂടിയായിരുന്നുവെന്ന് ഷാഫി പറഞ്ഞു. മായാവി കഴിഞ്ഞ് ഒരു ദിവസം സന്തോഷം സന്തോഷ് ജോഗി എന്റെ വീട്ടില്‍ വന്നൊരു കഥ പറഞ്ഞു. അഭിനയമല്ല. എഴുത്താണ് നിന്റെ മേഖലയെന്ന് ഞാന്‍ ജോഗിയോട് പറഞ്ഞു. ഒരു ദിവസം വിശദമായി സംസാരിക്കാം എന്ന് പറഞ്ഞു.

പിന്നീട് കേള്‍ക്കുന്നത് അവന്റെ മരണവാര്‍ത്തയാണ്. ശരിക്കും ഒരു വലിയ ഷോക്കായിരുന്നു അത്. കുറച്ചുനാളുകള്‍ കഴിഞ്ഞ് മേരിയ്ക്കുണ്ടൊരു കുഞ്ഞാട് തിയ്യേറ്ററുകളില്‍ തകര്‍ത്തോടുന്ന സമയം. രാത്രി ഒരു മണിയ്ക്ക് എന്റെ ഫോണ്‍ റിങ്ങ് ചെയ്യുകയാണ്. ഞാന്‍ നോക്കുമ്ബോള്‍ പരിചയമില്ലാത്ത ഒരു നമ്ബര്‍. കുറെ ബെല്ലടിച്ചപ്പോള്‍ ഞാനെടുത്തു. ഒരു സ്ത്രീ ശബ്ദം. ഞാന്‍ സന്തോഷ് ജോഗിയുടെ ഭാര്യ ജിഗിയാണ്. അയ്യോ എന്താണ് ഈ സമയത്ത് എന്ന് ഞാന്‍ ചോദിച്ചു.

ഷാഫിക്കാ ഒരു കാര്യം പറയാനാണ് ഞാന്‍ നമ്ബര്‍ തപ്പിയെടുത്ത് വിളിച്ചത്. വേറൊന്നുമല്ല. ഞങ്ങളുടെ കുട്ടി സന്തോഷിന്റെ മരണത്തിന് ശേഷം ഇതുവരെ ചിരിച്ചിട്ടില്ല. ഇന്ന് സെക്കന്‍്‌റ് ഷോയ്ക്ക് മേരിക്കുണ്ടൊരു കുഞ്ഞാട് കാണാന്‍ പോയി, അവള്‍ കൈകൊട്ടി ആര്‍ത്ത് ചിരിച്ചു. കുറെ നാളുകളായി അവള്‍ ഇങ്ങനെ ചിരിച്ചിട്ടില്ല. അവളുടെ സന്തോഷം കണ്ട് ഞങ്ങള്‍ കരയുകയായിരുന്നു. സന്തോഷം അറിയിക്കാനായി വിളിച്ചതാണ്. കേട്ടപ്പോള്‍ എന്റെയും കണ്ണ് നിറഞ്ഞു. ഒരു സംവിധായകന് അതില്‍ കൂടുതല്‍ എന്ത് വേണം ഷാഫി പറഞ്ഞു.