തൃശ്ശൂര്‍: വിവാദ പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ ഭരണഘടന ഉറപ്പ് നമ്മുക്ക് ഉറപ്പ് നല്‍കുന്നത് മതനിരപേക്ഷതയാണ്. മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള ഒരു വിവേചനവും കേരളത്തില്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം തൃശ്ശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

അഫ്ഗാനിസ്ഥാനില്‍ നിന്നോ പാകിസ്താനില്‍ നിന്നോ ബംഗ്ലാദേശില്‍ നിന്നാണോ വന്നതെന്ന് പരിശോധിക്കേണ്ട കാര്യം ഉദിക്കുന്നേ ഇല്ല. അച്ഛന്‍റെയോ അച്ഛന്‍റെ അച്ഛന്‍റെയോ ജീവിതം ഇവിടെത്തന്നെയായിരുന്നുവെന്ന് തെളിയിക്കാന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറഞ്ഞാല്‍ അത് കേരളത്തില്‍ നടപ്പാകില്ല.

മതനിരപേക്ഷ രാഷ്ട്രമാണ് ഇന്ത്യ. ഇപ്പോള്‍ മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള വിവേചനത്തിനാണ് നീക്കം. അത് ആപത്താണ്. നിയമത്തിന്‍റെ പിന്‍ബലത്തോടെ എന്തും കാണിച്ച്‌ കളയാമെന്ന ഹുങ്ക് നല്ലതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ ഭേദഗതി നിയമനം കേരളത്തില്‍ നടപ്പാക്കില്ലെന്ന നിലപാട് ആയിരുന്നു തുടക്കം മുതല്‍ മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്.

കേരളത്തെ കൂടാതെ ബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളും നിയമം നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം പാര്‍ലമെന്‍റ് പാസാക്കിയ നിയമം സംസ്ഥാനങ്ങള്‍ക്ക് നടപ്പാക്കാതിരിക്കാന്‍ ആവില്ലെന്ന് ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കുന്നു. പുതിയ നിയമ പ്രകാരം പാകിസ്താന്‍, അഫ്ഗാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നെത്തിയ മുസ്ലിങ്ങളല്ലാത്ത ആറ് മതക്കാര്‍ക്ക് പൗരത്വം ലഭിക്കും. ഹിന്ദു, പാഴ്സി, ക്രിസ്ത്യന്‍, സിഖ്, ജൈന, ബുദ്ധ മതര്‍ക്കാണ് പൗരത്വം ലഭിക്കുക.