ധവളപത്രത്തില്‍ പറയുന്നതുപോലെ കേരളത്തില്‍ ഒരു വികസനസ്തംഭനവുമില്ലകേരളത്തിലെ ധനസ്ഥിതിയെക്കുറിച്ച്‌ യു.ഡി.എഫ്‌. പുറത്തിറക്കിയ ധവളപത്രത്തിലെ ആരോപണങ്ങള്‍ക്ക്‌ ധനമന്ത്രി ഡോ. തോമസ്‌ ഐസക്‌ മറുപടി പറയുന്നു

യു.ഡി.എഫ്. അവതരിപ്പിച്ച ധവളപത്രം പുതുമയുള്ളതല്ല. കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ നടത്തിയ പ്രസംഗങ്ങളുടെ ആവര്‍ത്തനമാണ്. ‘അപകടകരമായ ധനസൂചിക’ എന്നുപറഞ്ഞ്‌ നല്‍കിയിരിക്കുന്ന കണക്കുകളും നേര്‍വിപരീതമാണ് കാണിക്കുന്നത്‌. 2016-’17നും 2018-’19നും ഇടയില്‍ റവന്യൂക്കമ്മി 2.51 ശതമാനത്തില്‍നിന്ന്‌ 1.68 ശതമാനമായി കുറഞ്ഞു . ധനക്കമ്മി 4.29 ശതമാനത്തില്‍നിനിന്ന്‌ 3.06 ശതമാനമായി കുറഞ്ഞു. ഇക്കാലയളവില്‍ കടബാധ്യതയുടെ അനുപാതം 30 ശതമാനത്തില്‍ത്തന്നെ തുടര്‍ന്നു. കടം പെരുകിയെന്ന് പറയുന്നത് ശരിയല്ല. കടം വാങ്ങുന്നതിന് പരിധിയുണ്ട്. ദേശീയ വരുമാനത്തിന്റെ മൂന്നുശതമാനംവരെമാത്രമേ കടംവാങ്ങാനാകൂ. യു.ഡി.എഫ്. കാലത്തും ഇത് ചെയ്തിട്ടുണ്ട്.

ഒരു വികസനസ്തംഭനവുമില്ല

ധവളപത്രത്തില്‍ പറയുന്നതുപോലെ കേരളത്തില്‍ ഒരു വികസനസ്തംഭനവുമില്ല. രൂക്ഷമായ ധനഞെരുക്കമുണ്ടായിട്ടും ഈ സര്‍ക്കാരിന്റെ ആദ്യത്തെ മൂന്ന് വര്‍ഷം മൊത്തം ചെലവ് ഏതാണ്ട് 16 ശതമാനംവീതം വളര്‍ന്നു. യു.ഡി.എഫ്. ഭരണകാലത്ത് ഈ വര്‍ധന 15 ശതമാനത്തില്‍ത്താഴെയായിരുന്നു. ധനപ്രതിസന്ധി ഏറ്റവും രൂക്ഷമായ നടപ്പുവര്‍ഷത്തില്‍പ്പോലും സെപ്‌റ്റംബര്‍വരെ മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 13 ശതമാനം വര്‍ധന ചെലവിലുണ്ടായിട്ടുണ്ട്. പദ്ധതിച്ചെലവ് യു.ഡി.എഫ്. കാലത്തെ അപേക്ഷിച്ച്‌ മെച്ചമാണ്.

മൂലധനനിക്ഷേപക്കുതിപ്പ്‌ ഉണ്ടായില്ലേ

ഇതിനുപുറമേയാണ് കിഫ്ബിവഴിയുള്ള അന്യാദൃശമായ മൂലധനമുതല്‍മുടക്ക്. 45,000 കോടി രൂപയുടെ പദ്ധതികള്‍ക്ക്‌ അംഗീകാരംനല്‍കി നിര്‍വഹണത്തിന്റെ പല ഘട്ടത്തിലാണ്. ഏതുകാലത്ത് ഇതുപോലെ മൂലധനനിക്ഷേപക്കുതിപ്പ് കേരളത്തിലുണ്ടായിട്ടുണ്ട്? ഉമ്മന്‍ചാണ്ടി സര്‍ക്കാരും അതിനുമുന്പുള്ള വി.എസ്. സര്‍ക്കാരും എ.കെ. ആന്റണി സര്‍ക്കാരും ചേര്‍ന്ന്‌ കഴിഞ്ഞ 15 വര്‍ഷങ്ങളില്‍ മൊത്തം ബജറ്റില്‍നിന്നുള്ള മൂലധനമുടക്ക് ആകെ 40,000 കോടിയേ വരൂ. ഈ സര്‍ക്കാരിന്റെ കാലത്ത് ധവളപത്രപ്രകാരംതന്നെ ബജറ്റില്‍നിന്ന്‌ ഇതുവരെയുള്ള മൂലധനച്ചെലവ് 35,000 കോടി വരും. ഇതിനുപുറമേയാണ് കിഫ്ബിവഴിയുള്ള 45,000 കോടി.

നികുതിക്കുടിശ്ശികപകുതിമാത്രം

നികുതിപിരിവിന്റെ പാളിച്ചകളെക്കുറിച്ച്‌ പറഞ്ഞതില്‍ നല്ലപങ്കും നികുതി ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഞാന്‍ നടത്തിയ പ്രസംഗത്തില്‍നിന്നുള്ളതാണ് . ധവളപത്രക്കാരുടെ സംഭാവന ഊതിപ്പെരുപ്പിക്കലും ഇതിന്റെ ഭാരം മുഴുവന്‍ ധനമന്ത്രിയുടെ തലയില്‍ കെട്ടിവെക്കലുമാണ്.
ആദ്യം അംഗീകരിക്കേണ്ട കാര്യം യു.ഡി.എഫിന്റെ അവസാന മൂന്നുവര്‍ഷം ഇതേ നികുതിവര്‍ധനയേ ഉണ്ടായിട്ടുള്ളൂ എന്നതാണ്. ഈ വരുമാനത്തകര്‍ച്ചയില്‍നിന്ന്‌ കേരളത്തെ രക്ഷപ്പെടുത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്ന വിമര്‍ശനം ന്യായമാണ്.
എന്നാല്‍, നികുതികുടിശ്ശികയുടെ കണക്ക് പെരുപ്പിച്ചതാണ്. 5000 കോടി കുടിശ്ശികയുണ്ടെന്നാണ് പറയുന്നത്. അതിന്റെ പകുതി മാത്രമേയുള്ളൂ എന്നതാണ് വാസ്തവം. പിരിച്ചെടുക്കാന്‍ നിര്‍വാഹമില്ലെന്ന് കളക്ടര്‍മാര്‍ പറഞ്ഞ തുകയുംകൂടി ഉള്‍പ്പെടുത്തിയാലേ കുടിശ്ശിക 5000 കോടിയിലെത്തൂ.

ഊര്‍ജിതമായിനികുതി പിരിക്കും

പിരിച്ചെടുക്കാവുന്ന തുക തിട്ടപ്പെടുത്തുന്നുണ്ട്. അടുത്ത വര്‍ഷം ഊര്‍ജിതമായി നികുതി ക്കുടിശ്ശിക പിരിക്കും. തുക പിരിക്കുന്നതിനുള്ള തയ്യാറെടുപ്പ് നടത്തിവരികയാണ്. ഇക്കൊല്ലം റവന്യൂ റിക്കവറി നോട്ടീസ് നല്‍കും. അടുത്തവര്‍ഷം പിരിവുനടത്തും. നികുതിവരുമാനം കുറഞ്ഞതിന്റെ അടിസ്ഥാനകാരണം ഇന്ത്യയെ ഗ്രസിച്ചിരിക്കുന്ന മാന്ദ്യമാണ്. മറ്റുസംസ്ഥാനങ്ങളില്‍മാത്രമല്ല കേന്ദ്രസര്‍ക്കാരിന്റെ നികുതി വരുമാനവും താഴേക്കാണ് . രണ്ടാമത്തെ കാരണം, ജി.എസ്.ടി. നികുതിചോര്‍ച്ച തടയുന്നതിന് ആവശ്യമായ മിനിമം സംവിധാനം ഒരുക്കാന്‍ ഇനിയും കേന്ദ്രസര്‍ക്കാരിന് കഴിയാത്തതാണ്. വാര്‍ഷികറിട്ടേണുകള്‍ നല്‍കാനുള്ള തീയതി അനന്തമായി നീണ്ടുപോകുകയാണ്. ഇതുമൂലം ഈ വര്‍ഷവും ജി.എസ്.ടി. കോമ്ബന്‍സേഷന്‍ പരിധിക്ക് മുകളിലേക്കുപോകാന്‍ നമുക്കാവില്ല. അങ്ങനെയൊരു സാഹചര്യം വന്നിട്ട് വാറ്റ്കുടിശ്ശിക പിരിക്കാമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. അല്ലാത്തപക്ഷം കുടിശ്ശിക പിരിച്ചതെല്ലാം കോമ്ബന്‍സേഷനില്‍ തട്ടിക്കിഴിച്ചുപോകും. അതുകൊണ്ട് 30 ശതമാനം വര്‍ധനയെന്നത് അടുത്ത വര്‍ഷത്തേക്ക് മാറ്റിെവച്ചിരിക്കയാണ് .
ജി.എസ്.ടി. വരുമാനത്തില്‍ ഇക്കൊല്ലം 14 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചിരുന്നെങ്കിലും അത് ചുരുങ്ങി. 6000 കോടി രൂപയുടെയെങ്കിലും കുറവ് ഇതുമൂലമുണ്ടാകും. അടുത്ത വര്‍ഷം ജി.എസ്.ടി. വരുമാനത്തില്‍ നഷ്ടപരിഹാരപരിധിക്ക്‌ പുറത്തുപോകാന്‍ പറ്റുമെന്നാണ് കരുതുന്നത്. അപ്പോള്‍ നികുതിക്കുടിശ്ശികവരുമാനം സംസ്ഥാനത്തിന് അധികവരുമാനമായി കിട്ടും.
ജി.എസ്.ടി. പിരിക്കണമെങ്കില്‍ അടിസ്ഥാനപരമായി വാര്‍ഷിക റിട്ടേണ്‍ കിട്ടണം. അത് കിട്ടിയാല്‍മാത്രമേ രാജ്യമെമ്ബാടുമുള്ള കച്ചവടക്കാര്‍ തമ്മിലുള്ള ഇടപാടുകള്‍ ഒത്തുനോക്കി നികുതിവെട്ടിപ്പ് തടയാന്‍പറ്റൂ.
ജി.എസ്.ടി. തുടങ്ങിയതുമുതല്‍ ഇങ്ങനെ നടത്തിയ നികുതിവെട്ടിപ്പിന്റെ നല്ലൊരു ഭാഗം പിരിച്ചെടുക്കാന്‍ ഡിസംബര്‍ മാസത്തില്‍ വാര്‍ഷികറിട്ടേണുകള്‍ ആദ്യമായി കിട്ടുമ്ബോള്‍ സാധിക്കുമെന്നാണ് കരുതുന്നത്. വാര്‍ഷികറിട്ടേണ്‍ പരിശോധിച്ച്‌ അസസ്‌മെന്റ് നോട്ടീസ് നല്‍കും. ധനവകുപ്പിലെ പകുതി ജീവനക്കാരെ ഇതിനായി നിയോഗിച്ചുകഴിഞ്ഞു.

വായ്പ വെട്ടിക്കുറച്ചത് പ്രതികാരബുദ്ധിയോടെ

ഇന്നത്തെ രൂക്ഷമായ പ്രതിസന്ധിക്കുകാരണം കേന്ദ്രസര്‍ക്കാര്‍ 6500 കോടി രൂപ വായ്പ വെട്ടിക്കുറച്ചതാണ് . യു.ഡി.എഫ്. കാലത്തും പബ്ലിക് അക്കൗണ്ടില്‍നിന്നുള്ള നിക്ഷേപം വര്‍ധിച്ചിട്ടുണ്ട്. അന്നൊന്നും വായ്പ വെട്ടിക്കുറച്ചിട്ടില്ല. ഇന്ന് ഏതാണ്ട് പ്രതികാരബുദ്ധിയോടെയാണ് പ്രളയത്തില്‍ത്തതകര്‍ന്ന കേരളത്തെ കേന്ദ്രസര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. കേന്ദ്രനികുതി വിഹിതത്തില്‍ 5600 കോടി രൂപയാണ് ബജറ്റില്‍ പറഞ്ഞതിനെക്കാള്‍ കുറയുന്നത്. ഇതിനുപുറമേയാണ് ഡിസംബര്‍ മാസത്തിലേതടക്കം 3200 കോടി രൂപ നഷ്ടപരിഹാരം താമസിപ്പിക്കുന്നത്. ഇത്ര ഭീമമായ കേന്ദ്രസഹായ ഇടിവിനെ താങ്ങിനിര്‍ത്താന്‍ ഏതെങ്കിലും സംസ്ഥാനസര്‍ക്കാരിന് കഴിയുമോ? നമ്മുടെ തനതുവരുമാനത്തിലും മാന്ദ്യംമൂലം 5000 കോടിയില്‍പ്പരം രൂപ കുറവുണ്ടാവുമെന്നാണ് കരുതുന്നത്.

ചെലവുചുരുക്കാന്‍പുനര്‍വിന്യാസമുണ്ടാകും

ചെലവുചുരുക്കാന്‍ ജീവനക്കാരെ പുനര്‍വിന്യസിക്കും. ഉദ്യോഗസ്ഥ പുനര്‍വിന്യാസമടക്കം െചലവുചുരുക്കാന്‍ പല നടപടിയും ആലോചനയിലുണ്ട്. ഇതിന്റെ ഭാഗമായി ഡി.ആര്‍.ഡി.എ., പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗം എന്നിവിടങ്ങളിലെ ആയിരത്തോളം ജീവനക്കാരെ പുനര്‍വിന്യസിക്കും. തദ്ദേശ സ്വയംഭരണവകുപ്പിലേക്കാണ് ഇവരെ വിന്യസിക്കുന്നത്. മറ്റുചില വകുപ്പിലെ ജീവനക്കാരെയും ഇതേ മാതൃകയില്‍ പുനര്‍വിന്യസിക്കാന്‍ ആലോചിക്കുന്നുണ്ട്.

ക്ഷേമപെന്‍ഷന്‍കാര്‍ക്കായി നടത്തിയ മസ്റ്ററിങ്ങും സര്‍ക്കാര്‍ ചെലവുചുരുക്കുന്നതിന്റെ ഭാഗമായി നടത്തിയതാണ്. ഇതുമൂലം അനധികൃതമായി സര്‍ക്കാര്‍ പെന്‍ഷനുകള്‍ വാങ്ങിയിരുന്ന അഞ്ചുലക്ഷംപേരെ ഒഴിവാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഇതേവരെ 80 ശതമാനം പേരാണ് മസ്റ്ററിങ്‌ നടത്തിയത്. നിശ്ചിതദിവസത്തിനകം അഞ്ചുശതമാനംപേര്‍കൂടി രജിസ്റ്റര്‍ ചെയ്തേക്കാം. എന്നാലും 15 ശതമാനംപേര്‍ പട്ടികയ്ക്കുപുറത്ത് പോകുമെന്നാണ് കരുതുന്നത്. അങ്ങനെവന്നാല്‍ പെന്‍ഷന്‍ തുകയില്‍ 800 കോടി രൂപയുടെ വ്യത്യാസമുണ്ടാകും.