വയനാട് : സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ പ്രതിഷേധ സംഗമം. ആത്മകഥയിലൂടെ കത്തോലിക്കാ സഭയ്‌ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം നടത്തിയത്. ലൂസി കളപ്പുര താമസിക്കുന്ന എഫ്‌സിസി സന്യാസിനി മഠത്തിന് സമീപം കാരയ്ക്കാമലയിലെ വിശ്വാസികളുടെ നേതൃത്വത്തിലാണ് പ്രതിഷേധ സംഗമം നടത്തിയത്്.

കര്‍ത്താവിന്റെ നാമത്തില്‍ സിസ്റ്റര്‍ ലൂസി കളപ്പുര എഴുതിയ പുസതകത്തില്‍ സഭയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ആത്മകഥയില്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവമല്ലെന്നും കത്തോലിക്കാ സഭയെ അവഹേളിക്കാനാണ് ഇത്തരത്തില്‍ ഒരു നീക്കമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. കാരയ്ക്കാമലയിലെ പ്രതിഷേധ സംഗമത്തില്‍ നൂറുകണക്കിന് വിശ്വാസികളും ഒരുവിഭാഗം നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു.

പ്രതിഷേധ സംഗമത്തില്‍ സിസ്റ്റര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. സഭയെ വിമര്‍ശിക്കുന്ന നിലപാട് സിസ്റ്റര്‍ ലൂസി കളപ്പുര അവസാനിപ്പിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ പ്രതിഷേധം കടുപ്പിക്കാനാണ് ഇവരുടെ തീരുമാനം. പീഡനക്കേസ് പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ എറണാകുളം വഞ്ചിസ്‌ക്വയറില്‍ നടന്ന കന്യാസ്ത്രീകളുടെ ഉപവാസ സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച്‌ രംഗത്തെത്തിയതിന് പിന്നാലെയാണ് സഭാനേതൃത്വം സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ നടപടിയെടുക്കുന്നത്.

മേയ് പതിനൊന്നിന് പുറത്താക്കാനും സഭ തീരുമാനിച്ചിരുന്നു. പിന്നീട് സിസ്റ്റര്‍ ലൂസിയെ എഫ്‌സിസി സന്യാസ സഭ പുറത്താക്കി. സന്യാസ സഭയുടെ നിയമങ്ങള്‍ പാലിക്കാത്ത ജീവിതശൈലിയെന്ന് ആരോപിച്ചായിരുന്നു പുറത്താക്കല്‍. വയനാട് ദ്വാരക സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍ അധ്യാപിക കൂടിയാണ് സിസ്റ്റര്‍ ലൂസി.