പൗരത്വ ഭേദഗതി ആക്ടിനെ കോണ്‍ഗ്രസ് എതിര്‍ക്കുന്നത് ന്യൂനപക്ഷ പ്രീണനത്തിന്റെ പേരില്‍ മാത്രമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ മതത്തിന്റെ പേരില്‍ ആട്ടിയോടിക്കപ്പെട്ട ഇരകള്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവസരം നല്‍കുമ്ബോഴാണ് കോണ്‍ഗ്രസ് ഈ പരിപാടി നടത്തുന്നതെന്ന് അമിത് ഷാ ആരോപിച്ചു.

ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട പ്രചരണങ്ങളില്‍ സംസാരിക്കവെയാണ് അമിത് ഷാ കോണ്‍ഗ്രസിനെ രൂക്ഷവിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കിയത്. സ്വദേശികള്‍ക്ക് രാഷ്ട്രീയ അവകാശങ്ങളോ, ഭാഷയോ, സംസ്‌കാരമോ, സാമൂഹിക അവസ്ഥയോ നഷ്ടപ്പെടില്ലെന്ന യാഥാര്‍ത്ഥ്യം ബാക്കിയിരിക്കെ നോര്‍ത്ത് ഈസ്റ്റില്‍ പ്രതിപക്ഷമാണ് പ്രശ്‌നങ്ങള്‍ ഉയര്‍ത്തിവിടുന്നതെന്ന് ഷാ കുറ്റപ്പെടുത്തി.

സര്‍ക്കാര്‍, സ്വദേശികളുടെ ഈ വിഷയങ്ങള്‍ സംരക്ഷിക്കാനാണ് ഇവിടെയുള്ളത്. മേഘാലയ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഉയര്‍ത്തിയ ആശങ്കകള്‍ പരിഹരിക്കും. സുപ്രധാന നടപടികള്‍ വന്നാല്‍ ഇതിനെ ന്യൂനപക്ഷ വിരുദ്ധമാക്കുന്നത് കോണ്‍ഗ്രസിന്റെ ശീലമാണ്. മുത്തലാഖ്, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, പൗരത്വ ഭേദഗതി തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇത് കണ്ടു. വോട്ട് ബാങ്ക് രാഷ്ട്രീയം കൊണ്ട് മാത്രമാണ് അവര്‍ ഇതിനെ ന്യൂനപക്ഷ വിരുദ്ധമായി മുദ്രകുത്തുന്നത്, ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.

വര്‍ഷങ്ങളായി കോണ്‍ഗ്രസ് ഹിന്ദു, മുസ്ലീം രാഷ്ട്രീയമാണ് പയറ്റുന്നത്. നക്‌സലിസവും, തീവ്രവാദവും പ്രോത്സാഹിപ്പിച്ചു. എന്നാല്‍ നരേന്ദ്ര മോദിയെ പോലൊരു പ്രധാനമന്ത്രി തീവ്രവാദത്തിന് എതിരെ ശക്തമായ നിലപാട് കൈക്കൊള്ളുമ്ബോള്‍ കോണ്‍ഗ്രസ് ഇതിനെ വോട്ട് ബാങ്ക് രാഷ്ട്രീയമായി തള്ളുകയാണ്, അമിത് ഷാ പറഞ്ഞു.